വി.എസ്-പിണറായി പോര് പൊട്ടിത്തെറിയിലേയ്‌ക്ക്
കണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവില്‍ സ്ഥാപിച്ച വിസ്‌മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉത്‌ഘാടനച്ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നതോടെ പാര്‍ട്ടിയിലെ വിഭാഗീയതയ്‌ക്ക് മൂര്‍ച്ചയേറി. പൂര്‍വ്വാധികം മൂര്‍ച്ഛിച്ച ഗ്രൂപ്പ് വഴക്ക് പൊട്ടിത്തെറിയിലേയ്‌ക്കാണ് നീങ്ങുന്നതെന്നാണ് പാര്‍ട്ടിയ്‌ക്കുള്ളില്‍ത്തന്നെയുള്ള സംസാരം.
പാര്‍ട്ടിയിലെ അതൃപ്‌ത വിഭാഗങ്ങളുടെ നേതൃത്വമേറ്റെടുത്ത് വിഎസ് വീണ്ടും പടയൊരുക്കം നടത്തുകയാണെന്നും അതിനാലാണ് ഉത്‌ഘാടനച്ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നതെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കും അമ്യൂസ്‌മെന്റ് പാര്‍ക്കിനുമൊക്കെ എതിരെ വിഎസിന് നേരത്തേയുണ്ടായിരുന്ന നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്ന സൂചനയാണ് അദ്ദേഹം ഒഴിഞ്ഞുമാറ്റത്തിലൂടെ നല്‍കിയത്.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതിനെ തുടക്കം മുതല്‍ത്തന്നെ വി.എസ് എതിര്‍ത്തിരുന്നു. മാത്രമല്ല പാര്‍ക്കിനെതിരെ പിബിയില്‍ പരാതിപ്പെടുകയും ചെയ്‌തിരുന്നു. ജലചൂഷണവും മറ്റും നടത്തുന്ന ഇത്തരം പദ്ധതികള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് വി.എസ് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ സഹകരണ മേഖലയില്‍ സ്ഥാപിക്കുന്ന ഇത്തരം പദ്ധതികള്‍ മൂലം വലിയ തൊഴില്‍ സാധ്യതയുണ്ടാകുമെന്നും അത് പാര്‍ട്ടിയ്‌ക്ക് നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടി പാര്‍ക്കുമായി പിണറായി പക്ഷം മുന്നോട്ടു പോവുകയായിരുന്നു.
കോട്ടയം സമ്മേളനത്തില്‍ ഒതുക്കപ്പെട്ട വിഎസിനെ വരുതിയിലാക്കാനും പിന്നീട് സ്ഥാനമാനങ്ങളില്‍ നിന്നുതന്നെ ഒതുക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ് അദ്ദേഹം നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ കരുതുന്നത്. നിരാശപൂണ്ട അവരെ ഊര്‍ജ്ജസ്വലരാക്കുന്ന നീക്കമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വി.എസ് നടത്തിയിട്ടുള്ളത്.
പലകാര്യങ്ങളും ലക്ഷ്യം വച്ചാണ് പിണറായി പക്ഷം പാര്‍ക്കിന്റെ ഉത്‌ഘാടകനായി വി.എസിന് തീരുമാനിച്ചത്. അദ്ദേഹം തന്നെ ഉത്‌ഘാടനം ചെയ്യുന്നതോടെ ഈ പദ്ധതിയില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നില്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതില്‍ ആദ്യത്തേത്. എതിര്‍ത്ത പദ്ധതി ഉത്‌ഘാടനം ചെയ്യിച്ച് തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.
ഈ കെണി മനസ്സിലാക്കിയാണ് വി.എസ് ആശുപത്രിയിലെ അഭയം പ്രാപിച്ചതെന്നാണ് കരുതപ്പെടുന്നത്. പരിപാടിയില്‍ അധ്യക്ഷനായി നിശ്ചയിച്ച ജയരാജന്‍ കണ്ണൂരിലുണ്ടായിട്ടും പങ്കെടുക്കാതിരിക്കുകയായിരുന്നുവത്രേ. പിണറായി പക്ഷത്തെ വിള്ളലായി ഇതിനെ കാണാന്‍ പറ്റില്ലെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമായല്ല നീങ്ങുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
വിഎസ് പക്ഷക്കാരനെന്ന് അറിയപ്പെടുന്ന സ്ഥലം എംഎല്‍എ സികെപി പദ്‌മനാഭന്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതും പോര് കൂടുതല്‍ പരസ്യമാകുന്നതിന്റെ ലക്ഷണങ്ങളും കാണിക്കുന്നു. ഇതിനിടെ കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ അസാന്നിധ്യവും പിണറായി പക്ഷത്തെ ആകുലപ്പെടുത്തുന്നുണ്ട്. വീണ്ടും പുകഞ്ഞുതുടങ്ങിയ വി.എസ്-പിണറായി പോര് ഇതോടെ ആളിക്കത്തുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications