വൈകിയെത്തിയ മന്ത്രിയെ കയറ്റാതെ വിമാനം പറന്നു
തിരുവനന്തപുരം: മന്ത്രിയെ കയറ്റാതെ എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത് വിവാദമാകുന്നു. എറണാകുളത്തേയ്‌ക്ക് പോകാനായി ഞായറാഴ്‌ച രാവിലെയാണ് മന്ത്രി എം വിജയകുമാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.
ഫ്‌ളൈറ്റ് നമ്പര്‍ ഐസി 466 തിരുവനന്തപുരം-കൊച്ചി-ദില്ലി വിമാനത്തിലായിരുന്നു വിജയകുമാറിനായി ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. രാവിലെ 6.15നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ആറുമണിയോടെ മന്ത്രി വമാനത്താവളത്തില്‍ എത്തിയെങ്കിലും വിഐപി ലോഞ്ച് അടഞ്ഞുകിടക്കുകയായിരുന്നുവത്രേ. സെക്യൂരിറ്റിഗാര്‍ഡുകള്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളുവെന്നും പറയുന്നു.
നിശ്ചിതസമയത്തിന് മുമ്പ് 6.05 ന് വിമാനം പറയുന്നുയര്‍ന്നുവെന്നാണ് പരാതി. സംഭവത്തെത്തുടര്‍ന്ന് മന്ത്രി എയര്‍ ഇന്ത്യ അധികൃതര്‍ക്ക് മന്ത്രി പരാതി നല്‍കി. കൃത്യസമയത്തിന് മുമ്പാണ് വിമാനം പുറപ്പെട്ടതെന്നും മന്ത്രിയ്‌ക്ക് നല്‍കേണ്ട പരിഗണന നല്‍കിയില്ലെന്നും കാണിച്ചാണ് വിജയകുമാര്‍ പരാതി നല്‍കിയത്.
പിന്നീട് മന്ത്രി 9.15നുള്ള വിമാനത്തിലാണ് എറണാകുളത്തേയ്‌ക്ക് പോയത്. വിമാനം പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ എത്തിച്ചേരണമെന്നാണ് നിയമമെന്നിരിക്കെ മന്ത്രി വൈകിയാണ് എത്തിയതെന്നും പറയപ്പെടുന്നു.
വിമാനത്തില്‍ യാത്രചെയ്യാന്‍ മന്ത്രിയെത്തുമെന്നുള്ള വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം. യാത്രക്കാര്‍ മുഴുവന്‍ കയറിക്കഴിഞ്ഞ് കൃത്യസമയത്ത് തന്നെയാണ് വിമാനം പുറപ്പെട്ടതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.












Click it and Unblock the Notifications