അദ്വാനിയെ വധിക്കുമെന്ന്‌ ഇന്ത്യന്‍ മുജാഹിദീന്‍
ദില്ലി: ബിജെപി നേതാവ് എല്കെ അദ്വാനിയെ വധിക്കുമെന്ന് ഇ-മെയില് ഭീഷണി. ഒരു പ്രാദേശിക പത്രത്തിന്റെ ഓഫീസിലേയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇന്ത്യന് മുജാഹീദീന്റെ വടക്കുകിഴക്കന് കമാന്ഡര് അലി ഹുസൈന് ബാദര് ഒപ്പിട്ട സന്ദേശമെത്തിയത്.
സെപ്റ്റംബര് 29ന് ഷില്ലോങ് സന്ദര്ശനവേളയില് അദ്വാനിയെ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഇതിനായി ചാവേര് സംഘം ഷില്ലോങിലെത്തിക്കഴിഞ്ഞുവെന്നും സന്ദേശത്തിലുണ്ട്.
അദ്വാനിയുടെ ഹിന്ദുത്വ ആഹ്വാനം ഇന്ത്യയെ ഫാസിസ്റ്റ് വഴിയിലാക്കിയിരിക്കുകയാണെന്ന് സന്ദേശത്തില് കുറ്റപ്പെടുത്തുന്നു. സന്ദേശത്തെത്തുടര്ന്ന് മേഘാലയിലാകെ സുരക്ഷാ സംവിധാനങ്ങള് ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇ-മെയില് അയച്ച ഷില്ലോങിലെ സൈബര് കഫേ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി നിസാരമായി തള്ളിക്കളയുന്നില്ലെന്നും സംസ്ഥാനത്ത് ഇതേവരെ ഇന്ത്യന് മുജാഹിദീന് പ്രവര്ത്തനങ്ങള് നടത്തുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്നും മേഘാലയ ഡിജിപി ബികെ ഡേ സവിയാന് പറഞ്ഞു.
വധഭീഷണിയുമായി ബന്ധപ്പെട്ട് മേഘാലയ പൊലീസ് എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ചറിയാന് ഷില്ലോങ് നഗരത്തിലെ വിവിധ സ്ഥലങ്ങളില് പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്പേര് പിടിയിലായേയ്ക്കുമെന്നും കുറച്ച് വസ്തുതകള് കൂടി സ്ഥിരീകരിച്ചെങ്കില് മാത്രമേ കൂടുതല് കാര്യങ്ങള് അറിയാന് കഴിയുകയുള്ളുവെന്നും സ്പെഷ്യല് ബ്രാഞ്ച് ഐജി എസ്ബി സിങ് പറഞ്ഞു.
അതേസമയം എല്. കെ അദ്വാനിയുടെ പര്യടനം മുന്കൂട്ടി തീരുമാനിച്ചപ്രകാരം തന്നെ നടക്കുമെന്ന് ബിജെപി അറിയിച്ചു.












Click it and Unblock the Notifications