പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ല; വി.എസ്‌
മൂന്നാര്: ടാറ്റയുള്പ്പടെയുള്ളവ വന്കിടക്കാര് നടത്തിയ മുഴുവന് കൈയ്യേറ്റങ്ങളും സര്ക്കാര് ഒഴിപ്പിയ്ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. അതെ സമയം മൂന്നും നാലും സെന്റ് ഭൂമിയുടെ ഉടമസ്ഥരായ ചെറുകിട കയ്യേറ്റക്കാരെ ഒഴിപ്പിയ്ക്കില്ലെന്നും വിഎസ് വ്യക്തമാക്കി.
ഏറ്റെടുക്കുന്ന മുഴുവന് ഭൂമിയും മൂന്ന് മാസത്തിനുള്ളില് വിതരണം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിയ്ക്കും. ഭൂരഹിതര്ക്കും ആദിവാസി-തോട്ടം തൊഴിലാളികള്ക്കുമാണ് ഭൂമി വിതരണം ചെയ്യുക.
ഇതിനായി താലൂക്ക് സമിതികള് രൂപവത്ക്കരിയ്ക്കും. മിച്ചം വരുന്ന ഭൂമി വിനോദ സഞ്ചാരവികസനത്തിന് ഉപയോഗിക്കും. മൂന്നാറിലെ ഒഴിപ്പിയ്ക്കല് നടപടികള് പൂര്ത്തിയാകാന് ഒരു വര്ഷത്തോളം സമയമെടുക്കുമെന്നും വിഎസ് അറിയിച്ചു.
ഋഷിരാജ് സിങിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ ദൗത്യസംഘത്തില് ഉള്പ്പെടുത്താന് ശ്രമിയ്ക്കും. ഭൂമി ഒഴിപ്പിയ്ക്കല് നടപടികളില് നഷ്ടം വന്ന മുതലാളിമാര്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവരുടെ സഹായം ലഭിയ്ക്കുന്നുണ്ട്. ഇവര് കൈയ്യേറ്റത്തിനെതിരെ തെറ്റിദ്ധാരണ പരത്താന് ശ്രമിയ്ക്കുകയാണെന്നും വിഎസ് കുറ്റപ്പെടുത്തി.
ഒക്ടോബര് ഒമ്പതിന് വീണ്ടും മൂന്നാര് സന്ദര്ശിയ്ക്കുന്ന മുഖ്യമന്ത്രി അന്ന് മൂന്നാര് ഗസ്റ്റ് ഹൗസില് ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില് പങ്കെടുക്കും. തുടര്ന്നുള്ള നടപടികള് യോഗത്തില് തീരുമാനിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications