കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍ ഇന്ത്യന്‍ നാവികസേന തകര്‍ത്തു
നെയ്‌റോബി: കടല്‍ക്കൊള്ളക്കാരുടെ വിഹാര കേന്ദ്രമായ സൊമാലിയന്‍ തീരത്ത് കൊള്ളക്കാരുടെ കപ്പല്‍ ഇന്ത്യന്‍ നാവികസേന തകര്‍ത്തു.
സൊമാലിയന്‍ തീരത്ത് സുരക്ഷയ്‌ക്കായി നിയോഗിച്ച ഐഎന്‍എസ് താബറാണ് കൊള്ളക്കാര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ തകര്‍ത്തത്. കൊള്ളക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് കപ്പല്‍ തകര്‍ന്നത്.
ഇന്ത്യന്‍ നാവിക സേന തകര്‍ക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കഴിഞ്ഞ ആഴ്‌ച ഇന്ത്യന്‍ നാവികസേന രണ്ട് ചരക്ക് കപ്പലുകളെ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷിച്ചിരുന്നു.സൗദി അറേബ്യന്‍ ചരക്ക് കപ്പലായ എന്‍സിസി തിഹാമയും മുംബൈയിലെ ജാഗ് ആര്‍ണവുമാണ് ഇന്ത്യന്‍ നാവിക സേനയുടെ സഹായത്തോടെ രക്ഷപ്പെട്ടത്.
അതേ സമയം കടല്‍ക്കൊള്ളക്കാര്‍ രണ്ട് കപ്പലുകള്‍ കൂടി കഴിഞ്ഞ ദിവസം തട്ടിയെടുത്തിട്ടുണ്ട്. ഒരു ഹോങ്കോങ് ചരക്ക് കപ്പലും ഒരു മീന്‍ പിടുത്ത കപ്പലുമാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. പതിവ് പോലെ ഗള്‍ഫ് ഏദനില്‍ വെച്ച് തന്നെയാണ് രണ്ട് കപ്പലുകളും കൊള്ളക്കാര്‍ റാഞ്ചിയത്.
ഇതിനിടെ കൊള്ളക്കാര്‍ തിങ്കളാഴ്‌ച റാഞ്ചിയ സൗദി എണ്ണക്കപ്പല്‍ സിറിയസ് സ്റ്റാര്‍ സുരക്ഷിതമാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
മൊഗാദിഷുവിന് 300 കിലോമീറ്റര്‍ അകലെയായി കപ്പല്‍ നങ്കൂരമിട്ടിട്ടുണ്ടെന്നാണ് യുഎസ് നാവികസേനയ്‌ക്ക് ലഭിച്ച വിവരം. നൂറ് മില്യണ്‍ ഡോളര്‍ വില വരുന്ന ഇരുപത് ലക്ഷം ബാരല്‍ എണ്ണയാണ് കപ്പലിലുള്ളത്.
സമുദ്രയാന ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ റാഞ്ചലായാണ് ഇത് കരുതപ്പെടുന്നത്.












Click it and Unblock the Notifications