വ്യാജ ഫോണ്‍: പ്രണബ് പാകിസ്‌താനെ വിമര്‍ശിച്ചു
ദില്ലി: വ്യാജ ടെലിഫോണ്‍ സന്ദേശത്തിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനൊരുങ്ങിയ പാകിസ്‌താന്റെ നടപടിയെ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി വിമര്‍ശിച്ചു.
ഇത്തരം നടപടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനേ സഹായിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒട്ടേറെ വ്യാജഫോണ്‍ സന്ദേശങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒന്ന് ഇതാദ്യമാണ്.
സര്‍ദാരിയ്‌ക്ക് ഞാന്‍ ഫോണ്‍ ചെയ്‌തിട്ടില്ല. 2008 മെയില്‍ പാക് സന്ദര്‍ശനം നടത്തിയപ്പോഴാണ് അവസാനമായി ഞാന്‍ സര്‍ദാരിയുമായി സംസാരിച്ചത്. അതിന് ശേഷം ഇതുവരെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. പിന്നീട് നവംബര്‍ 28ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷുമായി ചര്‍ച്ച നടത്തിയിരുന്നു- മുഖര്‍ജി പറഞ്ഞു.
താന്‍ സര്‍ദാരിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് വന്ന ഉടന്‍തന്നെ പാക് അധികൃതരെ വിളിച്ച് ഇതിന്റെ നിജ സ്ഥിതി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണം നടന്ന് രണ്ടാമത്തെ ദിവസമായിരുന്നു സര്‍ദാരിയ്‌ക്ക് പ്രണബ് മുഖര്‍ജിയുടെ പേരില്‍ വ്യാജ സന്ദേശം ലഭിച്ചത്. ഭീകരര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാകിസ്‌താനെതിരെ ഇന്ത്യ ആക്രമണം തുടങ്ങുമെന്നാണ് ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞത്.
സര്‍ദാരി എത്ര മയപ്പെടുത്താന്‍ ശ്രിമിച്ചിട്ടും 'മുഖര്‍ജി' അടങ്ങിയില്ലെന്നും തുടര്‍ന്ന് പാകിസ്‌താന്‍ യുദ്ധ സന്നാഹങ്ങള്‍ ഒരുക്കുകയായിരുന്നുവെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
ഇതേയാള്‍തന്നെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലിസ റൈസിന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ അധികൃതര്‍ റൈസിന് ഫോണ്‍ കൈമാറാതിരിക്കുകയായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications