അഭയ കേസ് : പ്രാര്‍ത്ഥനാ സംഗമം നടത്തി
കോട്ടയം: അഭയ കേസില്‍ റിമാന്റില്‍ കഴിയുന്ന വൈദികര്‍ക്കും കന്യാസ്‌ത്രീയ്‌ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേസില്‍ സിബിഐ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് ആരോപിച്ചും കോട്ടയം അതിരൂപത പ്രാര്‍ത്ഥനാ സംഗമം നടത്തി.
അതിരൂപതാ ആസ്ഥാനത്തെ ക്രിസ്‌തുരാജ കത്തീഡ്രലില്‍ സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തലേക്കാട്ടിന്റെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ സംഗമം നടന്നത്. കേസന്വേഷണം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ വേണ്ടിയും പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്.
കേസില്‍ വൈദികരെയും കന്യാസ്‌ത്രീയെയും കെട്ടിച്ചമച്ച കഥകളിലെ കഥാപാത്രങ്ങളാക്കുകയാണ് സിബിഐ ചെയ്‌തതെന്ന് തലേക്കാട്ട് ആരോപിച്ചു. പതിനാറ് വര്‍ഷമായി തെളിവുകള്‍ ഇല്ലാതിരുന്ന കേസില്‍ ഇപ്പോഴെങ്ങനെ തെളിവുകള്‍ ലഭിച്ചുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാശേരില്‍ ആമുഖ പ്രഭാഷണം നടത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനാ സംഗമത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഒട്ടേറെ വിശ്വാസികള്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications