സുരേഷ് നിയമനടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരസ്യപ്രസ്‌താവന നടത്തിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കെ സുരേഷ് കുമാര്‍ ഐഎഎസ് നിയമനടപടിയ്‌ക്കൊരുങ്ങുന്നു.
പി ജയരാജന്‍ നിയമസഭയില്‍ തനിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിനെതിരെയും സുരേഷ് നിയമനടപടി സ്വീകരിക്കും. മന്ത്രിസഭയുടെ നടപടിക്കെതിരെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ്് ട്രിബ്യൂണലിനെ സമീപിച്ചേയ്‌ക്കുമെന്നാണ് സൂചന.
സസ്‌പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റിയശേഷമായിരിക്കും അദ്ദേഹം ട്രിബ്യൂണലിനെ സമീപിക്കുക. ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണത്തിന് മറുപടി നല്‍കാന്‍ രണ്ടാഴ്‌ച സമയം നല്‍കിയിരിക്കേ തിരക്കിട്ട് സസ്‌പെന്‍ഷന്‍ നല്‍കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരിക്കും അദ്ദേഹം പരാതിയില്‍ ബോധിപ്പിക്കുക. കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്‍റെ എം.ഡിയായാണ് സുരേഷ് കുമാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
1968ലെ ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചതിനാണ് മന്ത്രിസഭ സുരേഷിനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. സിപിഎം നേതാവ് പി ജയരാജന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ സുരേഷ് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഐഎസ് ഓഫീസര്‍മാരില്‍ നല്ലവരും ചീത്തയാളുകളുമുണ്ട്. ഇതില്‍ നാറിയവരുടെ കൂട്ടത്തിലാണ് സുരേഷ്. ഇയാളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേയ്‌ക്ക് അയയ്‌ക്കണം- എന്നിങ്ങനെയാണ് ജയരാജന്‍ പറഞ്ഞത്.












Click it and Unblock the Notifications