ജമാഅത്ത് ഉദ് ദാവയെ പാകിസ്‌താനും നിരോധിച്ചു
ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്ന് സംശയിക്കുന്ന ലഷ്‌കര്‍ ഇ തൊയ്‌ബയുടെ മുഖ സംഘടനയായ ജമാഅത്ത് ഉദ് ദാവയെ പാകിസ്‌താന്‍ നിരോധിച്ചു.
ജമാഅത്ത് മേധാവി ഹഫീസ് സയിദ് വീട്ടുതടങ്കലിലാണ്. ലാഹോറില്‍ താമസിക്കുന്ന സയിദിനെ മൂന്നു മാസത്തേയ്‌ക്ക് വീട്ടുതടങ്കലിലാക്കിയതായി പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടു വളഞ്ഞ പൊലീസ് അദ്ദേഹത്തോട് പുറത്ത് പോകരുതെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
സംഘനടയുടെ നാല് മുതിര്‍ന്ന നേതാക്കളുടെയും എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ പാകിസ്‌താന്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യുഎന്‍ രക്ഷാ സമിതി ജമാഅത്ത് ഉദ് ദാവയെ നിരോധിച്ചതായി വ്യാഴാഴ്‌ച അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാകിസ്‌താനും സംഘടനയെ നിരോധിച്ചത്. യുഎന്‍ ജമാഅത്ത് ഉദ് ദവയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ തങ്ങളും അക്കാര്യം പരിഗണിക്കുമെന്ന് പാകിസ്‌താന്‍ നേരത്തേ അറിയിച്ചിരുന്നു.
ലാഹോറിലെ ഹെഡ് ക്വാട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ജമാഅത്ത് ഉദ് ദാവയുടെ രാജ്യമെമ്പാടുമുള്ള ഓഫീസുകള്‍ സര്‍ക്കാര്‍ പൂട്ടി സീല്‍ ചെയ്‌തിട്ടുണ്ട്.
വ്യാഴാഴ്‌ച യുഎന്‍ രക്ഷാസമിതി ഭീകരരായി പ്രഖ്യാപിച്ചവരുടെ പട്ടികയില്‍ സയിദിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കാനും യാത്രാനുമതി നിഷേധിക്കാനും യുഎന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications