ബുഷിനെ ഷൂസെറിഞ്ഞ സെയ്‌ദിക്ക് വിവാഹാലോചന
കെയ്‌റോ: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ചെരുപ്പുകൊണ്ടെറിഞ്ഞ ഇറാഖി മാധ്യമപ്രവര്‍ത്തകന്‍ മുന്ദാസര്‍ അല്‍ സെയ്‌ദിയ്‌ക്ക് കല്യാണാലോചന.
ഈജിപ്‌തുകാരനായ സാദ് ഗുമ്മയാണ് തന്റെ ഇരുപതുകാരിയായ മകളെ സെയ്‌ദിയ്‌ക്ക് വിവാഹം ചെയ്‌തുകൊടുക്കാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. പെണ്‍കുട്ടി അമല്‍ സാദ് ഗുമ്മയും പിതാവിന്റെ ഈ പ്രഖ്യാപനത്തെ പിന്താങ്ങിയിട്ടുണ്ട്.
സെയ്‌ദിയെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അങ്ങനെയായാല്‍ അത് തനിക്ക് തീര്‍ച്ചയായും ഒരു അംഗീകാരമായിരിക്കുമെന്നും ഇറാഖില്‍ ജീവിക്കാന്‍ തനിക്കിഷ്ടമാണെന്നും അമല്‍ വ്യക്തമാക്കിക്കഴിഞ്ഞു. മധ്യ ഈജിപ്‌തിലെ മിന്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് അമല്‍.
വെറുതെ പ്രഖ്യാപനം നടത്തുക മാത്രമല്ല ഈ പിതാവ് ചെയ്‌തിരിക്കുന്നത് ഇറാഖിന്റെ ഈ പുതുനായകനെ മകളുടെ ഭര്‍ത്താവാക്കാനായി ഇദ്ദേഹം ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം സെയ്‌ദിയുടെ സഹോദരന്‍ ദിര്‍ഗമിനെ വിളിച്ച് മകളെ സെയ്‌ദിക്ക് വിവാഹം ചെയ്‌തുകൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു.
ഏറെ വിലപ്പെട്ട ഒരു സമ്മാനം സെയ്‌ദിക്ക് നല്‍കണമെന്നാണ് എന്റെ ആഗ്രഹം, എന്റെ മകളെക്കാള്‍ വിലപ്പെട്ട ഒരു സ്വത്തും എനിക്കില്ല, അതുകൊണ്ട് ഞാന്‍ അവളെത്തന്നെ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്- സാദ് പറയുന്നു.
മകളെ കെട്ടിക്കാന്‍ എല്ലാ കാര്യങ്ങളും തയ്യാറാക്കിയിരിക്കുന്ന കാര്യവും സാദ് വ്യക്തമാക്കിക്കഴിഞ്ഞെങ്കിലും സെയ്‌ദിയോ കുടുംബമോ ഈ വിവാഹാലോചനയോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications