സത്യത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ കാണാനില്ല
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.
തിരിമറികള്‍ക്ക് തെളിവാകുമായിരുന്ന രേഖകള്‍ മുന്‍മേധാവി രാമലിംഗരാജുവും കൂട്ടാളികളും ചേര്‍ന്ന് മുക്കിയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്‌ച രാവിലെ സത്യത്തിന്റെ ഹൈദരാബാദ് ഓഫീസില്‍ ബാങ്ക്‌് സ്റ്റേറ്റ്‌മെന്റുകള്‍ക്കായി റെയ്‌ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നടപ്പുവര്‍ഷത്തെയും മുന്‍വര്‍ഷങ്ങളിലെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌ത ഓഫീസുകളില്‍ സൂക്ഷിക്കണമെന്നാണ് നിയമം. രാമലിംഗരാജുവിനും തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കുമെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം മുമ്പേ നടന്നിരുന്നുവെന്നാണ് പുതിയ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.
കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസിര്‍ ശ്രീനിവാസ് വദ്‌ലമണിയെ ശനിയാഴ്‌ച അറസ്റ്റു ചെയ്‌തേയ്‌ക്കുമെന്ന് സൂചനയുണ്ട്. സ്വന്തം വീട്ടില്‍ നിന്നും മാറിനില്‍ക്കുന്ന ഇദ്ദേഹം ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി വെള്ളിയാഴ്‌ച റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള രാമലിംഗരാജുവിനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയിട്ടുണ്ട്. രാജുവിന് പ്രമേഹവും രക്താദി സമ്മര്‍ദ്ദവും ഉള്ളതായി അഭിഭാഷകന്‍ ഭരത് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications