അബ്ദുള്ളക്കുട്ടി വീണ്ടും ഹര്‍ത്താലിനെതിരെ
ശ്രീകണ്‌ഠപുരം(കണ്ണൂര്‍): ഹര്‍ത്താലും ബന്ദും നടത്തി അണികളെ പിടിച്ചുനിര്‍ത്താമെന്ന സംഘടനകളുടെ ധാരണ തെറ്റാണെന്നും ഇത്തരം സംഘടനകളെ ജനം അവഗണിയ്‌ക്കുമെന്നും സിപിഎമ്മില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട എപി അബ്ദുള്ളക്കുട്ടി എംപി.
അച്ചടക്ക നടപടിയ്‌ക്ക് വിധേയനായ താനിനി തിരിച്ച് സിപിഎമ്മിലേയ്‌ക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്ന രീതിയിലാണ് തിങ്കളാഴ്‌ച കണ്ണൂരില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം സംസാരിച്ചത്.
ഹര്‍ത്താലിനെതിരെ താന്‍ ഒരാശയം മുന്നോട്ടുവച്ചപ്പോള്‍ അത് പോസിറ്റീവായി ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല. ഇവിടെയുള്ള പലരും തന്നെ കുറ്റം പറഞ്ഞെങ്കിലും ലോകത്തിന്റെ പലഭാഗത്തുനിന്നും പലരും ഇക്കാര്യത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ബന്ദിനെയും ഹര്‍ത്താലിനെയും കുറ്റം പറഞ്ഞതിന്റെ പേരില്‍ എന്റെ മകന്‍ പോലും ബാപ്പ പൊട്ടനാണെന്ന് പറഞ്ഞ് കളിയാക്കി. ഹര്‍ത്താലിന് അവധി കിട്ടിയാല്‍ വീട്ടിലിരിക്കാമെന്നും പിന്നെന്തിനാണ് ബാപ്പ ഹര്‍ത്താലിനെ എതിര്‍ക്കുന്നതെന്നും അവന്‍ ചോദച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി- അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലും ബന്ദും കേരളീയ മനസ്സിനെ പൂര്‍ണമായും വഴിതിരിച്ച് വിട്ടിരിക്കുകയാണ്. ഇക്കാര്യത്തിലെടുത്ത നിലപാടില്‍നിന്നും പിന്‍മാറില്ല. പിഞ്ചുകുട്ടികളെ പോലും മടിയന്മാരാക്കുന്ന മഹാരോഗമാണ് ഹര്‍ത്താല്‍. ഇത് അവസാനിപ്പിക്കുകയെന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അജണ്ടയുടെ ഭാഗമാക്കണം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications