നാവില്‍ ഗുളികന്‍; പ്രതികരിക്കുന്നില്ല: അബ്ദുള്ളക്കുട്ടി
മാനന്തവാടി: നാക്കില്‍ ഗുളികനാണ് വന്നുനില്‍ക്കുന്നതെന്നും അതുകൊണ്ട് ഒന്നും പ്രതികരിക്കുന്നില്ലെന്നും സിപിഎമ്മില്‍ നിന്നും സസ്‌പെന്റ്‌ചെയ്യപ്പെട്ട എപി അബ്ദുള്ളക്കുട്ടി എംപി.
മാനന്തവാടിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. വികസനകാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മാതൃകയാക്കണമന്ന അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം മനോനില തെറ്റിയതുകൊണ്ടാണെന്ന ടികെ ഹംസയുടെ പരമാര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ പ്രതികരിച്ചത്.
പാര്‍ട്ടി സസ്‌പെന്റ് ചെയ്‌തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശിക്ഷാനടപടിക്കാലത്ത് അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെറുപ്പക്കാരനായ തന്നെ ഉപദ്രവിക്കരുതെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് അഭ്യര്‍ത്ഥിച്ചു. മാനന്തവാടിയില്‍ സുന്നി വിഭാഗം സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഭീകരതയ്‌ക്കെതിരെ സംസാരിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
അബ്ദുള്ളക്കുട്ടിയ്‌ക്ക് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു അവസരമാണ് ഒരു വര്‍ഷത്തേയ്‌ക്കുള്ള സസ്‌പെന്‍ഷന്‍ എങ്കിലും തെറ്റുതിരുത്തലോ തിരിച്ചുവരവോ ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
മോഡിയെ പ്രശംസിച്ചതാണ് പ്രധാന കുറ്റമെങ്കിലും പാര്‍ട്ടി നയങ്ങളെയും ചിട്ടകളെയും പലപ്പോഴായി ധിക്കരിച്ചുവെന്നാതണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്ന പ്രധാന ആരോപണം.
തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകുമെന്നുള്ള ഒരു സൂചനപോലും അബ്ദുള്ളക്കുട്ടി ഇതേവരെ നല്‍കിയിട്ടില്ല. പാര്‍ട്ടിയും ഇക്കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുകയാണ്. രണ്ടുഭാഗവും സമാന്തരമായി പോകുന്ന നിലയ്‌ക്ക് സസ്‌പെന്‍ഷന്‍ കാലാവധി തീരും മുമ്പുതന്നെ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി പുറത്താക്കുമെന്നാണ് സൂചന.












Click it and Unblock the Notifications