കൊച്ചി മെട്രോയുമായി മുന്നോട്ടു പോകും മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരഭമായ ദില്ലി മെട്രോ കോര്‍പ്പറേഷന്റെ മാതൃകയില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ഒരു ഓഫീസ് ആരംഭിയ്‌ക്കാനും തീരുമാനമായി. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
സ്വകാര്യ പങ്കാളിത്തമില്ലാതെ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാന ആസൂത്രണ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌ത 8,650 കോടിയുടെ വാര്‍ഷിക പദ്ധതിയ്‌ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‌കി. അടങ്കല്‍ തുകയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.33 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ച പോലെ കടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‌കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ എയര്‍പോര്‍ട്ടിനായി 441 ഹെക്ടര്‍ ഫാസ്റ്റ് ട്രാക്ക് പദ്ധതിയിലുള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിന് സ്ഥലവില സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‌കി. കോഴിക്കോട് കെഎസ്‌ആര്‍ടി ബസ് സ്‌റ്റാന്‍ഡില്‍ ബിഒടി അടിസ്ഥാനത്തില്‍ ബഹുനില സമുച്ചയം പണിയാന്‍ അനുമതി നല്‌കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ എങ്ങനെ ബാധിച്ചുവെന്ന് പഠിയ്‌ക്കാന്‍ നിയോഗിച്ചിരുന്ന സിഡിഎസിന്റെ റിപ്പോര്‍ട്ട് പഠിച്ച് ശുപാര്‍ശ സമര്‍പ്പിയ്‌ക്കാന്‍ ധന-കൃഷി-വ്യവസായ-ഭക്ഷ്യ-സിവില്‍ സപ്ലൈസ്-ജലസേചന വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications