അഭയ: ഉമാദത്തനെ ചോദ്യം ചെയ്‌തു
കൊച്ചി: സിസ്‌റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്‌കിയ ഡോക്ടര്‍ ഉമാദത്തനെ സിബിഐ ചോദ്യം ചെയ്‌തു. അഭയ കേസിലെ തെളിവ് നശിപ്പിയ്‌ക്കലുമായി ബന്ധപ്പെട്ടാണ് പോലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേശകനായിരുന്ന ഉമാദത്തനെ ചോദ്യം ചെയ്‌തത്.
നേരത്തെ കേസ് പരിഗണിച്ച എറണാകുളം സിജെഎം കോടതി ഉമാദത്തന്റെ റിപ്പോര്‍ട്ട് തള്ളിയ സാഹചര്യത്തില്‍ ഉമാദത്തനെ ചോദ്യം ചെയ്യേണ്ട ആവശ്യകതയില്ലെങ്കിലും മറ്റ് വിദഗ്‌ധരില്‍ നിന്നും വ്യത്യസ്‌തമായി ഉമാദത്തിന് എന്ത് പറയാനുണ്ടോയെന്നാണ് സിബിഐ അന്വേഷിക്കുന്നത്.
അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയത് ഉമാദത്തനായിരുന്നു. അഭയ ആത്മഹത്യ ചെയ്‌തതാണെന്ന റിപ്പോര്‍ട്ടാണ് അദ്ദേഹം സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് 1997ല്‍ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.കെ ഉത്തരന്‍ തള്ളിയിരുന്നു. അഭയ ആത്മഹത്യ ചെയ്‌തുവെന്ന വാദത്തെ അന്ന് കോടതി അതിനിശിതമായി വിമര്‍ശിയ്‌ക്കുകയും ചെയ്‌തിരുന്നു.
കേസില്‍ ഉമാദത്തന്റെ ഇടപെടലുകള്‍ സംശയാസ്‌പദമായിരുന്നുവെന്ന് പലപ്പോഴും ആരോപണങ്ങളുയര്‍ന്നിരുന്നു. ഫോറന്‍സിക് വിദഗ്‌ധനായ ഡോക്ടര്‍ രാധാകൃഷ്‌ണനെ സംഭവ സ്ഥലം സന്ദര്‍ശിയ്‌ക്കാന്‍ അനുവദിയ്‌ക്കാഞ്ഞതിലൂടെ തെളിവ് നശിപ്പിയ്‌ക്കാന്‍ ഉമാദത്തന്‍ ശ്രമിച്ചുവെന്നാണ് അതിലൊന്ന്. ചോദ്യം ചെയ്യലില്‍ കേസില്‍ തെളിവ് നശിപ്പിയ്‌ക്കലുമായി ബന്ധപ്പെട്ട് സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.












Click it and Unblock the Notifications