പിണറായിയും ലാവലിനും യുഡിഎഫിനെതിരെ
തിരുവനന്തപുരം: എസ്‌എന്‍സി ലാവലിനില്‍ നിന്നും മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായം നഷ്ടമായത് യുഡിഎഫ് സര്‍ക്കാറിന്റെ വീഴ്‌ച മൂലമാണെന്ന് ലാവലിനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപിച്ചു.
2001ല്‍ കേരള സര്‍ക്കാര്‍ തങ്ങളുമായുണ്ടാക്കിയ ധാരണാപത്രം പുതുക്കാത്തതു കൊണ്ടാണ് കാന്‍സര്‍ സെന്ററിനുള്ള പണം നഷ്ടപ്പെട്ടതെന്ന് ലാവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് കേസില്‍ ലാവലിന്‍ കമ്പനി ഔദ്യോഗകമായി പ്രതികരിക്കുന്നത്.
ധാരണാ പത്രം പുതുക്കാന്‍ തങ്ങള്‍ നിരന്തരമായി അഭ്യര്‍ത്ഥിച്ചിട്ടും കേരള സര്‍ക്കാര്‍ അത് നിരസിച്ചുവെന്നാണ് ആരോപണം. യുഡിഎഫിന്റെയും കടവൂര്‍ ശിവദാസന്റെയും പേരു പറയാതെ അന്നത്തെ സര്‍ക്കാറെന്നും കേരളസര്‍ക്കാറെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മലബാര്‍ കാന്‍സര്‍ സെന്ററിനായി 17.57 കോടി രൂപ മാത്രമേ പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് ലാവലിന്‍ പറയുന്നു. ഇതില്‍ 7.12 കോടി രൂപ കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഏജന്‍സിയും 10.45 കോടി രൂപ ലാവലിന്‍ കമ്പനിയും നല്‍കി. സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും സൈറ്റിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതിനിടെ ലാവലിനില്‍ നിന്നും മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന സഹായം നഷ്ടപ്പെട്ടത് യുഡിഎഫ് സര്‍ക്കാറിന്റെ വീഴ്‌ചയാണെന്ന് പിണറായി വിജയനും ആരോപിച്ചു.
അന്നത്തെ വൈദ്യുത മന്ത്രിയായ കടവൂര്‍ ശിവദാസന്‍ ലാവലിനുമായുള്ള എംഒയു പുതുക്കാതിരുന്നതോടെ ലാവലിന്‍ എല്ലാ ബാധ്യതകളില്‍ നിന്നും ഒഴിവായി. ഈ വിഴ്‌ച സര്‍വ്വതന്ത്രസ്വതന്ത്രരാകാന്‍ കമ്പനിയെ സഹായിച്ചു- പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിന് പീരുമേട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.


Click it and Unblock the Notifications