കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര യുഡിഎഫിന് തലവേദന

  • By Staff
Google Oneindia Malayalam News

കാസര്‍കോട്‌: ഓഞ്ചിയത്തെ പിളര്‍പ്പ് കണ്ട് വടകര പിടിയ്ക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍.

സിഎംപിയുടെ രാഷ്ട്രീയ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ രാഘവന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇതോടെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണയം സംബന്ധിച്ച് യുഡിഎഫിലെ തര്‍ക്കം രൂക്ഷമായി.

യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്നതെന്നാണ് സിഎംപി ആരോപിക്കുന്നത്. പുതിയ രാഷ്ട്രീയ കാലാവസ്ഥയനുസരിച്ച് വടകരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നായിരുന്നു യുഡിഎഫ് യോഗത്തിലുണ്ടായ ആദ്യ ധാരണ.

വടകരയിലെ സിപിഎം വിമതരുടെ വോട്ടില്‍ കണ്ണുംനട്ട് അവര്‍ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വടകര യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും സിഎംപി ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ച് കൊണ്ടാണ് യുഡിഎഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ വടകരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എന്നാല്‍ യുഡിഎഫ് തീരുമാനത്തെ എതിര്‍ത്ത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തുകയായിരുന്നു. സിപിഎമ്മിനോടുള്ള സമീപനം തന്നെയാണ് വിമതരോടുമുള്ളതെന്നും കോണ്‍‌ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വടകരയില്‍ മത്സരിക്കുമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

ചെന്നിത്തലയുടെ പ്രസ്താവനയെ അതിരൂക്ഷമായാണ് രാഘവന്‍ വിമര്‍ശിച്ചിരിയ്ക്കുന്നത്.ഘടകകക്ഷികളെ അംഗീകരിക്കാനുള്ള സന്‍‌മനസ് കോണ്‍ഗ്രസിനുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വടകര സീറ്റില്‍ സിഎംപി ആവകാശം ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ യുഡിഎഫ്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ വടകരയില്‍ കോണ്‍ഗ്രസുകാരന്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നു പറയുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ല. ഘടകകക്ഷികള്‍ വെറും വോട്ട്‌ ചെയ്യുന്നവര്‍ മാത്രമല്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും രാഘവന്‍ പറഞ്ഞു.

അതേ സമയം സിപിഎമ്മിന് വോട്ട് ചെയ്യേണ്ടി വന്നാല്‍ പോലും കോണ്‍ഗ്രസിന് വോട്ട് തരില്ലെന്ന സിപിഎം വിമതരുടെ പ്രഖ്യാപനമാണ് വടകരയില്‍ പൊതു സ്ഥാനാര്‍ത്ഥിയെന്ന യുഡിഎഫ് ധാരണയ്ക്ക് തിരിച്ചടിയായതെന്നും നിരീക്ഷിയ്ക്കപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X