സസ്‌പെന്‍സ് ഇല്ലെന്ന് പിണറായി
തിരുവനന്തപുരം: നവകേരള മാര്‍ച്ചില്‍ മുഖ്യമന്ത്രി പങ്കെടുക്കുമോയെന്ന കാര്യത്തില്‍ യാതൊരു സസ്‌പെന്‍സുമില്ലെന്ന് പിണറായി.
മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. വിഎസ് പങ്കെടുക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ന് കഴിഞ്ഞിട്ട് നമുക്കെല്ലാ കാര്യങ്ങളും സംസാരിയ്‌ക്കാമല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി.
പാര്‍ട്ടിയില്‍ ഒരു നേതാവിനോടും തനിയ്‌ക്ക് അതൃപ്‌തിയില്ല. വിഎസിനും പാര്‍ട്ടിയ്ക്കും ഒരേ നിലപാട് തന്നെയാണുള്ളത്. വാര്‍ത്താ സമ്മേളനത്തിനിടെ പ്രകോപനപരമായ ചോദ്യങ്ങളുയര്‍ന്നിട്ടും വിഎസിനെതിരെ പ്രതികൂല പരാമര്‍ശങ്ങള്‍ നടത്താന്‍ പിണറായി തയാറായില്ല. വര്‍ഗ്ഗ വഞ്ചകരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് മുന്‍ അനുഭവങ്ങളുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നവ കേരള യാത്രക്ക് ആവേശകരമായ സ്വീകരണമാണ് എല്ലാ ജില്ലയില്‍ നിന്നും ലഭിച്ചത്. പാര്‍ട്ടിയ്‌ക്കെതിരെയുള്ള കുപ്രചാരണങ്ങള്‍ ഏശിയില്ല.
പാര്‍ട്ടിയെ ഒരു രക്ഷാകേന്ദ്രമായാണ് ജനങ്ങള്‍ കാണുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്‌തി ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടു എന്നതാണ് ഇതില്‍ നിന്ന് വ്യക്‌തമാകുന്നത്.
പത്തനംതിട്ടയില്‍ സഭാവിശ്വാസികളും വികാരിയും ചേര്‍ന്നാണ് മാര്‍ച്ചിനെ സ്വീകരിച്ചത്. യാക്കോബായ സഭയുടെ സഭാസെക്രട്ടറിയും ജാഥയെ സ്വീകരിക്കാനെത്തി. ന്യൂനപക്ഷം ഇടതുപക്ഷത്തിന്റെ വില മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ആദിവാസികള്‍ ജാഥയെ സ്വീകരിക്കാനെത്തി. ചെങ്ങറ സമരത്തിന് ചെങ്ങറയിലെ ആദിവാസികളുടെ പിന്തുണയില്ലെന്ന് അവിടെ നടന്ന സ്വീകരണം വ്യക്തമാക്കി. മാധ്യമങ്ങളും അരാഷ്ട്രീയ വാദികളും മാര്‍ച്ചിനെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications