പതിനാറടിയന്തരം കഴിഞ്ഞപ്പോള്‍ പരേതന്‍ തിരിച്ചെത്തി

എന്നാല്‍ ഇപ്പോള്‍ വെട്ടിലായത് പൊലീസാണ്. ദഹിപ്പിച്ചതാരുടെ മൃതദേഹമാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ഇവരാണ്. കൊല്ലം അഞ്ചാലുംമൂട് കുരീപ്പുഴ കൊച്ചാലുംമൂട്ടില്‍ കോച്ചേലിവീട്ടില്‍ തെക്കതില്‍ രാമന്‍ പിള്ള(54)യാണ് വീട്ടില്‍ തിരിച്ചെത്തിയത്.
ജനുവരി 14നാണ് ഇദ്ദേഹത്തെ കാണാതായത്. അവിവാഹിതനായ ഇയാള്‍ മാതാപിതാക്കളുടെ മരണശേഷം അനുജന്‍ മധുസൂദനന്‍ പിള്ളയ്‌ക്കൊപ്പമായിരുന്നു താമസം. ഇടക്ക് മാനസികാസ്വാസ്ഥ്യം കാണിക്കാറുള്ള രാമന്‍ പിള്ളയ്‌ക്കായി നാട്ടുകാരും ബന്ധുക്കളും ഏറെ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ ഫെബ്രുവരി 11ന് അജ്ഞാത മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലുണ്ടെന്ന് പത്രവാര്‍ത്ത വന്നു. ചിത്രത്തിലുള്ളയാള്‍ക്ക് രാമന്‍പിള്ളയുമായി രൂപസാദൃശ്യം ഉണ്ടെന്ന് കണ്ട് വീട്ടുകാര്‍ അഞ്ചല്‍ പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം രാമന്‍ പിള്ളതന്നെയാണെന്ന് ഉറപ്പിച്ചു.
വീട്ടില്‍ കൊണ്ടുവന്ന് അന്നുതന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്‌തു. പിന്നീട് മറ്റുകര്‍മ്മങ്ങളും ഫെബ്രുവരി 16ന് സഞ്ചയനവും ഫെബ്രുവരി 28ന് മറ്റു ചടങ്ങുകളും നടത്തി. പിന്നീട് മാര്‍ച്ച് 3ന് ചൊവ്വാഴ്‌ച രാവിലെയാണ് പിന്നീട് രാമന്‍ പിള്ളയെ കണ്ടെത്തുന്നത്.
പിള്ളയുടെ അയല്‍വാസിയാണ് കൊട്ടാരക്കരയ്‌ക്കടുത്തുള്ള മൈലത്ത് വച്ച് രാമന്‍പിള്ളയെ കണ്ടത്. ഉടനെ കൂട്ടിക്കൊണ്ടുവന്ന് കൊല്ലത്ത് അനുജന്റെ വീട്ടിലെത്തിച്ചു. പരേതന്‍ തിരിച്ചെത്തിയതറിഞ്ഞ് നാട്ടുകാരും വീട്ടുകാരും സന്തോഷിച്ചു. നാട്ടുകാര്‍ ഓരോരുത്തരായി തിരിച്ചെത്തിയ രാമനെ കാണാനായി വീട്ടിലെത്തി.
തുടര്‍ന്ന് സംഭവം അഞ്‌ചല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തു. അപ്പോള്‍ രാമന്‍ പിള്ളയുടെ കുടുംബാംഗങ്ങള്‍ ദഹിപ്പിച്ച മൃതദേഹം ആരുടേതാണെന്ന് അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വീടുവിട്ടിറങ്ങിയ രാമന്‍ പിള്ള പലേടത്തായി അലഞ്ഞുനടക്കുകയായിരുന്നുവത്രേ.












Click it and Unblock the Notifications