പൊന്നാനി: എല്‍ഡിഎഫ് സീറ്റ് ചര്‍ച്ച വഴിമുട്ടി
തിരുവനന്തപുരം: പൊന്നാനി സീറ്റിനെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. വ്യാഴാഴ്ച നടന്ന ഇടത് മുന്നണി യോഗത്തില്‍ ഇരുപക്ഷത്തെയും നേതാക്കള്‍ തമ്മില്‍ വാക്കേറ്റം വരെയുണ്ടായി. വാക് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് യോഗം അവസാനിയ്ക്കും മുന്പെ വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ സിപിഐ നേതാക്കള്‍ യോഗം നടന്ന എകെജി സെന്ററില്‍ നിന്നും പുറത്തു പോയി.
ഇതോടെ പൊന്നാനി സീറ്റില്‍ കുരുങ്ങി എല്‍ഡിഎഫിന്റെ സീറ്റ് ചര്‍ച്ച വഴിമുട്ടി. കോഴിക്കോട് സീറ്റ് സംബന്ധിച്ച് ജനതാദളുമായി ഉഭയകക്ഷി ചര്‍ച്ച ഒന്പതിനും അടുത്ത എല്‍ഡിഎഫ് യോഗം 12നും ചേരാന്‍ നിശ്ചയിച്ചാണ് യോഗം പിരിഞ്ഞത്.
യോഗം അവസാനിയ്ക്കുന്നതിന് മുന്പ് പുറത്തെത്തിയ സിപിഐ നേതാക്കള്‍ തങ്ങളുടെ അനിഷ്ടം വെളിപ്പെടുത്തുന്ന രീതിയില്‍ പൊന്നാനിയില്‍ രണ്ടത്താണിയെയോ മൂന്നത്താണിയെയോ അംഗീകരിയ്ക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുന്നണി യോഗത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വെളിയം ഭാര്‍ഗവനും തമ്മിലുള്ള വാക് തര്‍ക്കം പലപ്പോഴും അതിര്‍വരന്പുകള്‍ ലംഘിച്ചു. ഒരു ഘട്ടത്തില്‍ പിണറായി വെളിയത്തോട് താങ്കളുടെ പ്രായം ഞങ്ങള്‍ ബഹുമാനിയ്ക്കുന്നു, ഇത് ഞങ്ങളുടെ ഓഫീസുമായി പോയി എന്ന രീതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഭയപ്പെടുത്തേണ്ട വിജയാ ഇങ്ങനെ സംസാരിയ്ക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. എന്ന് പറഞ്ഞു കൊണ്ട് മറ്റു നേതാക്കളെയും വിളിച്ചു കൊണ്ട് വെളിയം യോഗസ്ഥലത്ത് നിന്നും പുറത്തേക്കു പോയത്.
പൊന്നാനിയില്‍ സ്ഥാനാര്‍ഥിയെ സിപിഐ തന്നെ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും കെ ഇ ഇസ്മായിലും യോഗത്തിന് ശേഷം വ്യക്തമാക്കി. സിപിഐ നാലു സീറ്റുകളില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications