ഹിന്ദു വിവാഹ നിമയം ഭേദഗതി ചെയ്‌തേയ്‌ക്കും
ദില്ലി: ഒന്നുചേരാനാവാത്തവിധത്തില്‍ തകര്‍ന്ന വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താവുന്ന രീതിയില്‍ ഹിന്ദുവിവാഹനിയമം ഭേദഗതി ചെയ്യുന്നകാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേയ്‌ക്കുമെന്ന് റിപ്പോര്‍ട്ട്.
ബന്ധം വേര്‍പെടുത്താന്‍ ദമ്പതിമാരെ അനുവദിക്കണോ എന്ന് തീരുമാനിക്കുന്നതിന് കോടതികള്‍ കണക്കിലെടുക്കേണ്ട സാഹചര്യങ്ങള്‍ ഹിന്ദു വിവാഹനിയമത്തിലെ 13(ഡി) വകുപ്പില്‍ വിശദമാക്കുന്നുണ്ട്. നേരെയാവാത്തവിധം ദാമ്പത്യം തകരുകയെന്ന സാഹചര്യം ഇക്കൂട്ടത്തില്‍പ്പെടുത്തിയിട്ടില്ല.
ഇതുകൂടി ചേര്‍ത്ത് നിയമം ഭേദഗതി ചെയ്യാനാണ് ആലോചന. ദാമ്പത്യത്തിന്റെ സമ്പൂര്‍ണ തകര്‍ച്ച നിയമപരമായ വിവാഹമോചനം അനുവദിക്കുന്നതിന് അടിസ്ഥാനമാക്കാമെന്ന് സുപ്രീം കോടതി ചില കേസുകളില്‍ നേരത്തേ വിധിച്ചിരുന്നു.
എന്നാല്‍ ഹിന്ദു വിവാഹനിമയത്തിലെ 13(ഡി) വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദാമ്പത്യത്തകര്‍ച്ച എന്ന സാഹചര്യത്തിന്റെ പേരില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നാണ് സുപ്രീം കോടതി ഈയിടെ മറ്റൊരു കേസില്‍ വിധി പറഞ്ഞത്.
ഈ വ്യത്യസ്‌ത വിധികളുടെ പശ്ചാത്തലത്തില്‍ ദേശീയ നിയമ കമ്മീഷന്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ദാമ്പത്യത്തകര്‍ച്ചകൂടി 13(ഡി) വകുപ്പില്‍ ഉള്‍പ്പെടുത്തി ഹിന്ദു വിവാഹനിയമം ഭേദഗതി ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്‌ച കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
ക്രൂരത, വന്ധ്യത, പകര്‍ച്ചവ്യാധി, മാനസിക വിഭ്രാന്തി എന്നിവയുള്‍പ്പെടെ ഒമ്പത് സാഹചര്യങ്ങളാണ് വിവാഹമോചനത്തിന് അനുവദിക്കാവുന്ന മാനദണ്ഡങ്ങളായി ഈ വകുപ്പില്‍ ഉള്ളത്.












Click it and Unblock the Notifications