സിപിഐ അയയുന്നു; വയനാടെങ്കിലും മതിയെന്ന്
തിരുവനന്തപുരം: പിടിവലിയ്‌ക്കൊടുവില്‍ പൊന്നാനി സീറ്റ് നഷ്ടമായ സിപിഐ വയനാടിന് വേണ്ടി പുതിയ പോരിന് ഒരുങ്ങുന്നു. പൊന്നാനിയില്ലെങ്കില്‍ വയനാട് വേണമെന്നകാര്യം ചൊവ്വാഴ്‌ച നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ നേതാക്കള്‍ സിപിഎമ്മിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ചചെയ്‌ത് തീരുമാനിക്കാമെന്നാണ് സിപിഎം മറുപടി നല്‍കിയിരിക്കുന്നത്. പത്തൊന്‍പതിന് വൈകീട്ട് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. ഇതില്‍ സിപിഐയെ അനുനയിപ്പിക്കുന്ന വിധത്തില്‍ എന്തെങ്കിലും ഒരു തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
സിപിഐയുടെ സെക്രട്ടേറ്റിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ബുധനാഴ്‌ച നടക്കുന്നുണ്ട്. ഇതിനിടെ പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണി സിപിഎം പിന്തുണയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു.
ജനതാദളിന്റെ കൈവശമുള്ള കോഴിക്കോട് സീറ്റ് പിടിച്ചെടുത്തപ്പോള്‍ പകരം വയനാട് ദളിന് നല്‍കാമെന്നായിരുന്നു സിപിഎം പറഞ്ഞത്. എന്നാല്‍ വയനാട്ടില്‍ മത്സരിക്കില്ലെന്നും വടകരയെങ്കിലും കിട്ടണമെന്നുമായിരുന്നു ദളിന്റെ ആവശ്യം.
പൊന്നാനിയേക്കാള്‍ സിപിഎമ്മിന് വേരുകളുള്ള മണ്ഡലമാണ് വയനാട്. ഇവിടെ സ്വതന്ത്രന്‍ വേണമെന്ന് അഭിപ്രായമില്ലാത്തതിനാല്‍ പാര്‍ട്ടിയ്‌ക്കു സ്വന്തം ചിഹ്നത്തല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും കഴിയും. നാല് സീറ്റ് എന്നത് എല്ലാ അര്‍ത്ഥത്തിലും ഉറപ്പിക്കുകയും ചെയ്യാം.












Click it and Unblock the Notifications