വോട്ടെടുപ്പിനിടെ നക്സല്‍ ആക്രമണം: 18 മരണം
ദില്ലി: ഒന്നാംഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ നക്സല്‍ ആക്രമണങ്ങളില്‍ അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 11 സുരക്ഷാ ഭടന്‍മാരുമടക്കം 18 പേര്‍ കൊല്ലപ്പെട്ടു.
ഛത്തീസ്‌ഗഢ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നക്‌സലുകള്‍ അക്രമമഴിച്ചുവിട്ടത്. പലയിത്തും നക്‌സലുകള്‍ ബൂത്തുകള്‍ ആക്രമിക്കുകയും വോട്ടിങ് യന്ത്രങ്ങള്‍ നശിപ്പിക്കുകയോ എടുത്തു കൊണ്ടു പോകുകയോ ചെയ്‌തു.
ഛത്തീസ്‌ഗഢിലെ രാജ്‌നന്ദഗാവ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ബോംബ് വെച്ച് തകര്‍ത്ത് അഞ്ചുപേരെ വധിച്ചത്. ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജാര്‍ഖണ്ഡിലെ ലതേഹാറില്‍ ബി.എസ്.എഫ്. ജവാന്‍മാര്‍ സഞ്ചരിച്ച ബസ് കുഴിബോംബ് ഉപയോഗിച്ച് തകര്‍ത്ത് ഒമ്പതുപേരെ വധിച്ചു. ഏഴു ജവാന്‍മാരും രണ്ട് ബസ് ജീവനക്കാരുമാണ് ഇവിടെ കൊല്ലപ്പെട്ടത്. ബോംബ് സ്ഫോടനം നടത്തിയതിന് ശേഷം ബസ് വളഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു.
ഛത്തീസ്‌ഗഢിലെ ദന്തേവാദ, നാരായണ്‍പുര്‍ ജില്ലകളില്‍ വ്യാപകമായി പോളിങ്‌ബൂത്തുകള്‍ ആക്രമിച്ച നക്‌സലുകള്‍ സുരക്ഷാഭടന്‍മാരുമായി ഏറ്റുമുട്ടി. ദന്തേവാദയിലെ മരുകിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ്. ഭടന്‍മാര്‍ വെടിയേറ്റു മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ബിഹാറിലെ ഔറംഗാബാദ് മണ്ഡലത്തില്‍ ബൂത്തിന് നേരെ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചു. രണ്ട് പോലീസുകാരെ കാണാതായിട്ടുണ്ട്.












Click it and Unblock the Notifications