യുഡിഎഫ്-എന്‍സിപി സഹകരണം അട്ടിമറിച്ചത് ചെന്നിത്തല
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരനെ വടകരയിലെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഒരു ചര്‍ച്ചയും തന്റെ അറിവില്‍ നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വടകരയില്‍ എന്‍സിപി-യുഡിഎഫ് സഹകരണം ചെന്നിത്തലയാണ് അട്ടിമറിച്ചതെന്ന കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
എന്‍സിപിയോട് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും മുസ്ലീം ലീഗും താത്പര്യം കാണിച്ചുവെന്ന് കരുതുന്നില്ല. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് നല്ല സ്വീകരണമാണ് അവിടെ നിന്നും ലഭിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നേരത്തെ വടകരയില്‍ മത്സരിക്കാനായി എന്‍സിപിക്ക് ലഭിച്ച യുഡിഎഫ് ക്ഷണം അട്ടിമറിച്ചത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആയിരുന്നുവെന്ന് മുരളീധരന്‍ ആരോപിച്ചിരുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ എന്‍സിപി യുഡിഎഫ് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കാരണം യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍റെയും, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെയും പ്രസ്താവനകളാണ്.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്ന് എന്‍സിപിയെ മാറ്റി നിര്‍ത്തിയത് മത്സരിയ്ക്കാന്‍ സീറ്റ് ചോദിച്ചതിനാലാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ഒഴികെ എല്ലായിടത്തും, പിന്തുണ നല്‍കിയത് ഇടതുമുന്നണിയ്ക്കാണെന്നും മുരളീധരന്‍ വെളിപ്പെടുത്തി. തൃശൂരില്‍ പിസി ചാക്കോയുമായുള്ള നല്ല ബന്ധം കാരണമാണ് അവിടെ യുഡിഎഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications