കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രേഡ്‌ യൂണിയനുമായി കത്തോലിക്ക സഭ

  • By Staff
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയ കത്തോലിക്ക സഭ സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ്‌ ഒന്നിന്‌ മറ്റൊരു സുപ്രധാനാമായ രാഷ്ട്രീയ നീക്കത്തിന്‌ കൂടി തുടക്കമിടുന്നു.

ഇടവകകള്‍ കേന്ദ്രമാക്കി തൊഴിലാളി ഫോറം സംഘടിപ്പിയ്‌ക്കാനാണ്‌ സഭ ലക്ഷ്യമിടുന്നത്‌. മെയ്‌ ഒന്നിന്‌ മുമ്പുള്ള ഞായറാഴ്‌ചയായ ഏപ്രില്‍ 26ന്‌ സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ വായിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന മെയ്‌ ദിന സന്ദേശം സഭയുടെ ഭാവി പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതാണ്‌.

കത്തോലിക്ക സഭാ വിശ്വാസികളായ തൊഴിലാളികളെ സഭയ്‌ക്കു കീഴില്‍ രൂപീകരിയ്‌ക്കുന്ന തൊഴിലാളി ഫോറങ്ങളില്‍ ഉള്‍ക്കൊള്ളിയ്‌ക്കുകയെന്നാണ്‌ സന്ദേശത്തിന്റെ കാതല്‍. സംസ്ഥാനത്ത്‌ പുതിയ തൊഴില്‍ സംസ്‌ക്കാരം രൂപപ്പെടുത്തിയെടുക്കേണ്ടത്‌ അനിവാര്യമാണെന്നും സന്ദേശം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു.

എല്ലാക്കാര്യത്തിനും സമരം ചെയ്യുന്ന നിലപാട്‌ ആര്‍ക്കും ഗുണകരമല്ല. ജോലിയെടുക്കാനുള്ള മനസ്സിലായ്‌മയാണ്‌ കേരളത്തില്‍ സമരസംസ്‌ക്കാരം സൃഷ്ടിച്ചത്‌. ഇടവക തോറും സ്വയം സഹായ സംഘങ്ങള്‍ രൂപീകരിയ്‌ക്കണമെന്ന നിര്‍ദ്ദേശവും സന്ദേശത്തിലുണ്ട്‌.

കെസിബിസിയുടെ പേരിലുള്ള സന്ദേശം തയാറാക്കിയിരിക്കുന്നത്‌ സംഘടനയുടെ ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജോസ്‌ പെരുന്നേടത്താണ്‌.

തൊഴിലാളി ഫോറത്തിന്റെ രൂപീകരണത്തിലൂടെ സഭ ലക്ഷ്യമിടുന്നത്‌ സംസ്ഥാനത്ത്‌ ട്രേഡ്‌ യൂണിയന്‍ രംഗത്ത്‌ മേധാവിത്വം പുലര്‍ത്തുന്ന ഇടതു പോഷക സഘടനകളെയാണ്‌. ഇടത്‌ ട്രേഡ്‌ യൂണിയന്‍ സംഘടനകളിലും മറ്റു തൊഴിലാളി സംഘടനകളിലും അംഗമായിട്ടുള്ളവരെ പുതിയ സംഘടനയുടെ കീഴിലേക്ക്‌ കൊണ്ടു വരികയാണ്‌ സഭയുടെ ലക്ഷ്യം.

അതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സഭ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്‌. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമാണ്‌ ഇത്തരമൊരു സൂചന നല്‌കുന്നത്‌.

തിരഞ്ഞെടുപ്പില്‍ ഇനിയുള്ള കാലവും വെറും വോട്ടുകുത്തികളും കാഴ്‌ചക്കാരുമായി മാത്രം നിന്നാല്‍ മതിയോ എന്ന ചിന്ത ക്രൈസ്‌ത സമൂഹത്തിലെ പുതുതലമുറയില്‍ ശക്തമാവുകയാണെന്ന്‌ സഭാ പത്രം ചൂണ്ടിക്കാട്ടുന്നു.

അടുത്ത്‌ തന്നെ നടക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തിരഞ്ഞടുപ്പിലും എങ്ങനെ പങ്കാളികളാകണമെന്ന ചിന്ത്‌ അതിരൂപതിയലെ വിവിധ യുവജന പ്രസ്ഥാനങ്ങളില്‍ ശക്തമാണ്‌. മാറ്റം അനിവാര്യമാണെന്നും ഇതിനുള്ള തുടക്കം അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്നും സഭാ പത്രം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X