തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തേയ്‌ക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. സിഡിഎസ് നടത്തിയ പഠനത്തിലാണ് ഇതിനെക്കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമായിരിക്കുന്നത്.
2008 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് സിഡിഎസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് 2007, 2008 വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷത്തോടടുത്ത് പ്രവാസികള്‍ ഇന്ത്യയിലേയ്‌ക്ക് മടങ്ങിവന്നു.
2007 വരെ ശരാശരി ഒന്നരലക്ഷം പേര്‍ മാത്രം അവിടത്തെ കരാര്‍ കഴിഞ്ഞ് മടങ്ങിവന്ന സ്ഥാനത്താണ് പിന്നീട് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും 1970ന് ശേഷം ഗള്‍ഫില്‍ ജോലിതേടിപ്പോയവര്‍ തിരിച്ചുവരാന്‍ തുടങ്ങിയതുമാണ് ഈ വര്‍ധനവിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രായാധിക്യവും ജോലിയില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കാനുള്ള തീരുമാനവും തിരിച്ചുവരുന്നവരുടെ തോതില്‍ ഇനിയും വര്‍ധനവുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ യുഎഇയെയാണ് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ബാധിച്ചിരിക്കുന്നത്. നിര്‍മ്മാണം, ടൂറിസം, സാമ്പത്തികം എന്നീ മേഖലകളെയെല്ലാം മാന്ദ്യം ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണമേഖലയില്‍ 2009ല്‍ നടത്താനുദ്ദേശിച്ചിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും യുഎഇ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതാണ് പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
പെട്രോളിയത്തിലധിഷ്‌ഠതമായ സമ്പദ് വ്യവസ്ഥയുള്ള ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. ഈ രീതിയില്‍ മാന്ദ്യം തുടരുകയാണെങ്കില്‍ ഈ രാജ്യങ്ങളും പ്രതിസന്ധിയിലാവും. അത് കൂടുതല്‍പ്പേര്‍ക്ക് തൊഴില്‍നഷ്ടപ്പെടാന്‍ ഇടയാക്കും- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ജോലിയില്ലാതെ തിരിച്ചുവരുന്നവരുടെ എണ്ണം വര്‍ധിക്കുന്ന അവസ്ഥ നിലനില്‍ക്കേത്തന്നെ ജോലിയന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേയ്‌ക്ക് പോയവരുടെ എണ്ണത്തില്‍ 2008ല്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും സിഡിഎസ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 8.40 ലക്ഷം പേരാണ് 2008ല്‍ ജോലിതേടിപ്പോയത്.












Click it and Unblock the Notifications