പന്നിപ്പനി: വിമാനത്താവളങ്ങളില്‍ പരിശോധന
ദില്ലി: പന്നിപ്പനി(എച്ച്1എന്‍1 ഇന്‍ഫ്‌ളുവന്‍സ) ഏഷ്യയുള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേയ്‌ക്ക് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശനപരിശോധനകള്‍ തുടങ്ങി.
വൈറസ് ബാധ സ്ഥിരീകരിച്ച നാടുകളില്‍ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം ഒരുക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
16 രാജ്യങ്ങളില്‍ ഇതുവരെ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യയിലും പനിബാധ കണ്ടെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പനി റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തോളം യാത്രക്കാരെ നിരീക്ഷണത്തിന് വിധേയരാക്കിയിരിക്കുകയാണ്. രാജ്യത്തെ 10 പ്രമുഖ വിമാനത്താവളങ്ങളിലാണ് പരിശോധനയ്‌ക്കുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിരിക്കുന്നത്.
ശനിയാഴ്‌ച മുതല്‍ എല്ലായിടത്തും പരിശോധനകള്‍ നടക്കും. ഇതിനായി 96 ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദില്ലി രാജ്യാന്തര വിമാനത്താവളത്തിലാണ്.
വൈറസിനെതിരെ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒസെല്‍ടാമിവിര്‍ എന്ന മരുന്നും രോഗം പകരുന്നത് തടയുന്നതിനുള്ള ഉപകരണങ്ങളും പരിശോധനാ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുണ്ട്.
അസുഖം പടരുന്നത് തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ അമേരിക്കയിലുള്ളതിന് സമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ വിഎന്‍ കാറ്റോച്ച് പറഞ്ഞു.












Click it and Unblock the Notifications