മെയ്ഡ് ഇന്‍ ഇന്ത്യ ലേബലില്‍ ചൈനീസ് വ്യാജമരുന്ന്
ദില്ലി: ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകളെന്ന പേരില്‍ ചൈനയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വ്യാജ മരുന്ന് കടത്തുന്നതായി കണ്ടെത്തി. നൈജീരിയയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഏജന്‍സിയാണ് ഇക്കാര്യം കണ്ടെത്തിയത്.
'ഇന്ത്യന്‍നിര്‍മ്മിതം' എന്ന ലേബലില്‍ നൈജീരിയയില്‍ വിറ്റ മലേറിയ പ്രതിരോധിക്കാനുള്ള വ്യാജ മരുന്ന് ചൈനയില്‍ നിര്‍മ്മിച്ച് വിതരണത്തിന് എത്തിച്ചതാണെന്ന് ഏജന്‍സി കണ്ടെത്തുകയായിരുന്നു.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ചൈനീസ് വിദേശകാര്യമന്ത്രാലയത്തെയും ചൈനീസ് മിഷനെയും അറിയിച്ചുകഴിഞ്ഞു. ഇന്ത്യയ്‌ക്ക് ഇക്കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നുവെങ്കിലും നൈജീരിയയില്‍ നിന്ന് മരുന്നുകള്‍ പിടിച്ചെടുത്തതോടെയാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിരിയ്‌ക്കുന്നത്. ഇത്തരത്തിലുള്ള 'വ്യാജ ഇന്ത്യന്‍' മരുന്നുകളുടെ വന്‍ശേഖരമാണ് നൈജീരിയയില്‍ പിടിച്ചെടുത്തത്.
വ്യജ ഇന്ത്യന്‍ മരുന്നുകളുടെ പ്രചാരണത്തെക്കുറിച്ച് നൈജീരിയന്‍ തലസ്ഥാനമായ അബുജുവിലെ ഇന്ത്യന്‍ സ്ഥാനപതി മഹേഷ് സച്ച്‌ദേവ് വാണിജ്യകാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ജികെ പിള്ളയെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ആരോഗ്യരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ കെടുത്താനുള്ള ശ്രമമാണ് ഇത്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. ഇക്കാര്യം ലോകാരോഗ്യസംഘടനയുടെയും ലോകവാണിജ്യസംഘടനയുടെയും ശ്രദ്ധയില്‍പെടുത്തണമെന്നും ഹൈക്കമ്മീഷണര്‍ ഇന്ത്യന്‍ വാണിജ്യസെക്രട്ടറിക്ക് അയച്ചുകൊടുത്ത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഘാന, ദക്ഷിണാഫ്രിക്ക, ഐവറി കോസ്‌റ്റ്, പടിഞ്ഞാറന്‍ ആഫ്രിക്ക, എന്നിവിടങ്ങളില്‍ ഇത്തരം 'വ്യാജഇന്ത്യന്‍' മരുന്നുകള്‍ ചൈന വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈരാജ്യങ്ങളിലെ മരുന്നുവിപണിയുടെ വലിയൊരുഭാഗം ഇന്ത്യന്‍ കമ്പനികളുടെ കയ്യിലാണ്. ഇതു തകര്‍ക്കാനാണ് ചൈനയുടെ ശ്രമമെന്നും വാണിജ്യവകുപ്പ് ആരോപിച്ചു.












Click it and Unblock the Notifications