സ്വാശ്രയ എന്‍ജിനീയറിങ്: കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. വെള്ളിയാഴ്‌ച രാത്രി 11.30 ന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറില്‍ എന്‍ജിനീയറിങ് അസോസിയേഷന്‍ ജനറല് സെക്രചട്ടിറി അബ്ദുള്‍ റഹ്മാനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണും ഒപ്പു വെച്ചത്. വിദ്യഭ്യാസ മന്ത്രി എംഎ ബേബിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെയ്‌ക്കല്‍.
കരാറിലെ വ്യസ്‌ഥകള്‍ അനുസരിച്ച് 50% സര്‍ക്കാര്‍ സീറ്റുകളില്‍ 35,000 രൂപയാണ് വാര്‍ഷിക ഫീസ്. മാനേജ്‌മെന്റ് സീറ്റുകളില്‍ 90,000 രൂപ വരെ ഫീസ്. തിരികെ ലഭിക്കുന്ന ഡെപ്പോസിറ്റായി 1.5 ലക്ഷം നല്‌കുന്നവര്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ 75,000 രൂപ ഫീസ് നല്‌കിയാലും മതി.
എന്‍ആര്‍ഐ സീറ്റുകളില്‍ 1.5 ലക്ഷം രൂപ വീതമായിരിക്കും ഫീസും ഡെപ്പോസിറ്റും. ആദ്യ ഗഡു ഫീസ് എന്‍ട്രന്‍സ് കമ്മിഷണര്‍ നിര്‍ദേശിക്കുന്ന ബാങ്ക് വഴി വിദ്യാര്‍ഥിക്ക് അടയ്‌ക്കാം.
കോളെജുകളില്‍ നേരിട്ട് ഫീസ് അടയ്‌ക്കണമെന്ന മാനേജുമെന്റുകളുടെ ആവശ്യവും 65:35 ഫീസ് അനുപാതം വേണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. എന്നാല്‍ എഐസിടിഇ അംഗീകാരം നല്‍കിയ കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന അതേ രീതിയില്‍ തുടരുവാനാണ് കരാറെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു. എഞ്ചിനീയറിങ് കോളെജുകളുമായി കരാറൊപ്പിടാന്‍ കഴിഞ്ഞത് മന്ത്രി എംഎ ബേബിയ്‌ക്കും വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎമ്മിനും ആശ്വാസകരമാവുമെന്ന കാര്യമുറപ്പാണ്. അതേ സമയം സ്വാശ്രയ മെഡിക്കല്‍ കോളെജ് ഫീസ് ഘടന സംബന്ധിച്ച് തര്‍ക്കം ഇപ്പോഴും തുടരുകയാണ്. 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളില്‍ ഒറ്റ ഫീസ് ഏര്‍പ്പെടുത്തണമെന്ന നിലപാടില്‍ സിപിഐ ഉറച്ചു നിന്നതോടെ ഇത് സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇനിയും നീളുമെന്നാണ് സൂചന.












Click it and Unblock the Notifications