ഇവിടെ മരണം വട്ടമിട്ട് പറക്കുന്നു
ചണ്ഡിഗഡ്: അടുത്തത് ആരുടെ ഊഴമാണെന്നതും കാത്ത് ഭയന്നിരിക്കുകയാണ് ഈ ഗ്രാമവാസികള്‍. അതേ.... മരണം അമ്ലോയെന്ന ഗ്രാമത്തിന് മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. ഒരോ പതിനേഴു ദിവസത്തിലും ഒരു ഗ്രാമവാസിയെ മരണം തട്ടിയെടുക്കുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ഇവിടത്തെ ജനങ്ങള്‍ മരണഭയത്തിലാണ്. പലരും സ്വപ്‌നം കാണുന്നത് അടുത്തെത്തി വിളിക്കുന്ന മരണത്തെയാണ്. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ അമ്‌ലോ ഗ്രാമത്തിലാണ് മരണം ഭീതി വിതക്കുന്നത്. കഴിഞ്ഞ നാലു മാസമായി ഓരോ പതിനേഴ് ദിവസത്തിലും ഇവിടെ ഓരോ മരണം നടക്കുന്നത് പതിവായിരിക്കുകയാണ്.
പലരും മരണം ഭയന്ന് മദ്യപാനവും, മാംസവും എന്തിന് ലൈംഗികതപോലും വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഏറ്റവും അവസാനത്തെ മരണം കഴിഞ്ഞിട്ട് ആറാം തിയതി വ്യാഴാഴ്‌ച പതിനേഴാം ദിവസം തികയുകയാണ്. ഇതിന്റെ ഭയത്തിലാണ് സര്‍വ്വരും. ആരും പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നും പക്ഷേ ഇക്കാര്യം അവിശ്വസിക്കാന്‍ അനുഭവം തങ്ങളെ അനുവദിക്കുന്നില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.
ഏറ്റവും അവസാനം മരിച്ച അഞ്ചുപേര്‍ക്കും ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നാണ് ഇതിന് കാരണമായി ഇവര്‍ പറയുന്നത്. ഇപ്രാവശ്യമെങ്കിലും മരണം ആരെയും കൊണ്ടുപോകാതിരിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. ഗ്രാമദേവതയായ ഖേരയുടെ അപ്രീതിയായിരിക്കും ഇതിന് കാരണമെന്നും ഗ്രാമീണരില്‍ ചിലര്‍ പറയുന്നു.
ഗ്രാമവാസികളിലാരെങ്കിലും പൊറുക്കാനാവാത്ത തെറ്റുചെയ്‌തിട്ടുണ്ടാകുമെന്നും അതായിരിക്കും ദേവത കോപിക്കാന്‍ കാരണമെന്നുമാണ് ഇവര്‍ പറയുന്നത്. മെയ് 13നാണ് ഈ മരണച്ചങ്ങലയിലെ ആദ്യത്തെ മരണം നടക്കുന്നത്. അമ്പത്തിയഞ്ചുകാരനായ രുലിയ രാം ആണ് അന്ന് മരിച്ചത്. ഉറക്കത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
പിന്നീട് മെയ് 30ന് സീമ ദേവി എന്നൊരു സ്‌ത്രീ മരിച്ചു. ഈ സംഭവം കഴിഞ്ഞ് 17ാം ദിവസം ഇരുപത്തിരണ്ടുകാരനായ രാഹുല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പിന്നീട് ജൂലൈ 3ന് ധര്‍മ്മ പാല്‍ എന്നയാളും ഏറ്റവും അവസാനം ജൂലൈ 20ന് പത്തൊന്‍പതുകാരനായ രമണ്‍ കുമാറും മരിച്ചു.
ഗ്രാമത്തിലെ പ്രായമായവരെല്ലാം പറയുന്നത് ഇത്തരത്തിലൊരു മരണ പരമ്പര തങ്ങളുടെ അറിവില്‍ ഉണ്ടായിട്ടില്ലെന്നാണ്. മരണങ്ങള്‍ക്കിടയില്‍ കൃത്യമായി 17 ദിവസത്തെ വ്യത്യാസം വരുന്നതാണ് ഇതിനെക്കുറിച്ച് ചിന്തിക്കാനും ഭയം വരാനും കാരണമായത്.
ഈ പതിനേഴ് എന്ന സംഖ്യയാണ് ഗ്രാമീണരെ ആശങ്കാകുലരാക്കുന്നത്. അടുത്ത പതിനേഴാം ദിവസത്തില്‍ ഒരു മരണവാര്‍ത്തയും കേള്‍ക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഇവിടത്തെ കുടുംബങ്ങള്‍.












Click it and Unblock the Notifications