മുരളിയെ വേണ്ടെന്ന് കെപിസിസി; ദളിനെ എടുക്കും
തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കെ മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. കെപിസിസി യോഗത്തിന്റെ ഈ പൊതുവികാരം പാര്‍ട്ടി ഹൈക്കമാന്‍ഡിന് സമര്‍പ്പിയ്‌ക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. ജനതാദളിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോവാന്‍ കെപിസിസി നേതൃത്വം അംഗീകാരം നല്‌കി. നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിച്ച് മുരളിയുടെ പുനപ്രവേശനം അടഞ്ഞ അധ്യായമാണ്. ഒരു മുന്‍ കെപിസിസി പ്രസിഡന്റിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് ആദ്യമായാണ്. സസ്‌പെന്‍ഷനിലായ കാലഘട്ടത്തിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് തുടര്‍ നടപടി സ്വീകരിക്കുക. മുരളീധരന്‍ പുറത്തായിരുന്ന കാലം മുതല്‍ കോണ്‍ഗ്രസ്സിനെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നു.
മുരളിയെ തിരിച്ചെടുക്കുന്നതിനോട് പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന വിഭാഗങ്ങളില്‍ ആശങ്കയുണ്ട്. സാധാരണനിലയില്‍ പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കുകയും കോണ്‍ഗ്രസ്സിന്റെ നയങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാം. എന്നാല്‍ മുരളിയുടെ കാര്യം പ്രത്യേകതയുള്ളതും ഒറ്റപ്പെട്ടതുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടിവരും. കെപിസിസി തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മുരളീധരന്‍ പ്രതികരിച്ചു. കാത്തിരിയ്‌ക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ജനതാദളിനെ യുഡിഎഫില്‍ പ്രവേശിപ്പിയ്‌ക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കെപിസിസി നേതൃത്വം അംഗീകാരം നല്‍കിയെന്നും ചെന്നിത്തല അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. മുരളീധരന്റെ കാര്യത്തില്‍ ഹെക്കമാന്‍ഡ് മറിച്ച് തീരുമാനമെടുത്താല്‍ അംഗീകരിയ്‌ക്കാന്‍ സംസ്ഥാന നേതൃത്വം ബാധ്യസ്ഥമാണെന്നും ചെന്നിത്തല ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് സിഎന്‍ ബാലകൃഷ്‌ണന്‍ തന്നെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടതായും കെപിസിസി ഇത് അംഗീകരിച്ചതായും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications