വസുന്ധര പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയും
ജയ്‌പൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും വസുന്ധര രാജെ സിന്ധ്യെയെ ബിജെപി നീക്കി. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് അവര്‍ വഴങ്ങിയതോടെ ബിജെപിയില്‍ ഉടലെടുത്ത പ്രതിസന്ധിയ്‌ക്ക് താത്‌കാലിക പരിഹാരമായി.
നേരത്തെ സ്ഥാനം രാജിവയ്‌ക്കണമെന്ന പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം വസുന്ധര രാജെ നിരസിച്ചിരുന്നു. ദില്ലിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് രാജെയെ മാറ്റാന്‍ തീരുമാനമായത്. തീരുമാനം വസുന്ധരയെ അറിയിച്ചെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിയ്‌ക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വയ്‌ക്കാന്‍ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് നേരത്തെ വസുന്ധരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദ്ദേശം അവര്‍ അംഗീകരിയ്‌ക്കാഞ്ഞത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.
പ്രശ്‌നത്തില്‍ വസുന്ധര നല്‍കിയ വിശദീകരണക്കുറിപ്പ് പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചു. പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡ് തീരുമാനം അംഗീകരിയ്‌ക്കാന്‍ തയ്യാറാണെന്ന് ഞായറാഴ്‌ച വസുന്ധര രാജെ വ്യക്തമാക്കുകയായിരുന്നു. രാജിയ്‌ക്ക് പാര്‍ട്ടി സമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല.
പാര്‍ട്ടി നേതൃത്വവും വസുന്ധരെയും കടുത്ത നിലപാടില്‍ നിന്നും പിന്നോട്ടു പോയതോടെ മാന്യമായ ഒരു സ്ഥാനമൊഴിയലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications