കടുവക്കൂട്ടില്‍ കയറിയ മന്ത്രി വിവാദക്കുരുക്കില്‍

നാഗ്‌പൂര്‍ ജില്ലയുടെ സംരക്ഷണച്ചുമതലകൂടിവഹിക്കുന്ന കൃഷിമന്ത്രി ബാലാസാബബ് തോറാട്ടാണ് കടുവക്കൂട്ടില്‍ കയറി കുരുക്കിലായത്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മൃഗശാലയിലെത്തിയത്.
മാധ്യമപ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. കൂട്ടിനകത്ത് കയറിയ മന്ത്രി ഒരു കടുവക്കുഞ്ഞിനെ തലോടി സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ ഈ രംഗം കാമറയിലാക്കി.
കടുവക്കുഞ്ഞുങ്ങള്‍ക്ക് അതീവ പരിചരണം നല്‍കുന്ന കൂട്ടിലാണത്രേ മന്ത്രി കയറിയത്. 1972ലെ വന്യമൃഗസംരക്ഷണ നിയമപ്രകാരം പ്രത്യേക പരിശീലനം ലഭിച്ചവര്‍മാത്രമേ ഇത്തരം കൂടുകളില്‍ കയറാന്‍ പാടുള്ളു.
മന്ത്രിയ്‌ക്കൊപ്പം സിറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ ജയപ്രകാശ് ഗുപ്‌തയും മൃഗശാലാ കണ്‍ട്രോളര്‍ ഡോക്ടര്‍ എസ.്‌എസ് ബാവസ്‌കറുമാണ് കൂട്ടിനകത്ത് കയറിയത്. ഈ സമയത്ത് ഒട്ടേറെയാളുകള്‍ മൃഗശാലയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. എല്ലാവരും കാണ്‍കെയാണ് മന്ത്രി കടുവക്കൂട്ടില്‍ കയറിയത്.
മന്ത്രി കടുവക്കൂട്ടിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
താന്‍ നിയമം ലംഘിച്ചിട്ടില്ലെന്നും കടുവക്കുട്ടികളെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നറിയാന്‍ വേണ്ടിയാണ് കൂട്ടില്‍ കയറിയതെന്നുമാണ് മന്ത്രി പറയുന്നത്.












Click it and Unblock the Notifications