കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഔദ്യോഗിക പക്ഷത്തും വിള്ളല്‍?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും അനുകൂലികള്‍ക്കുമെതിരെ പടനയിക്കുന്ന സിപിഎമ്മിലെ പിണറായി പക്ഷത്തും അസ്വാരസ്യങ്ങള്‍.

ധനമന്ത്രി തോമസ്‌ ഐസക്കിനെതിരെ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ പരോക്ഷമായ വിമര്‍ശനങ്ങള്‍ ഔദ്യോഗികപക്ഷത്തെ വിള്ളലുകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. പാളയത്തില്‍ പട എന്നതിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിരല്‍ ചൂണ്ടുന്നത്.

വിഎസ് എന്ന പൊതുശത്രുവിനെതിരെ ഭിന്നതകള്‍ മറന്ന് ഔദ്യോഗിക പക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിഎസ് ഒന്ന് അടങ്ങി എന്നുവന്നപ്പോള്‍ ഈ ഐക്യം ഉലഞ്ഞുതുടങ്ങിയിരിക്കുന്നുവെന്നാണ് കരുതേണ്ടത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അഴിമതിക്കേസ് വന്നതോടെ അങ്കലാപ്പിലായ സിപിഎം നേതൃത്വത്തിന്റെ ചെറുത്തുനില്‌പിനു നേതൃത്വം നല്‌കിയതു തോമസ്‌ ഐസക്കായിരുന്നു. ഇതുവഴി പാര്‍ട്ടിയുടെ കേന്ദ്രസ്ഥാനത്തേക്ക്‌ മന്ത്രി തോമസ്‌ ഐസക്ക്‌ ഉയരുന്നുവെന്ന ധാരണ പാര്‍ട്ടിയുടെ രണ്ടാംനിര നേതാക്കളില്‍ ഉറയ്‌ക്കുന്ന സാഹചര്യത്തിലാണ്‌ ഇ.പി ജയരാജന്റെ വിമര്‍ശനം എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ മന്ത്രി തോമസ്‌ ഐസക്കിന്റെ പ്രഖ്യാപിത എതിരാളിയാണ്‌ മന്ത്രി ജി. സുധാകരന്‍. ജി. സുധാകരനും തോമസ്‌ ഐസക്കും തമ്മില്‍ നടക്കുന്ന പോരാട്ടം ആലപ്പുഴ ജില്ലയില്‍ പിണറായി പക്ഷത്തിനു തലവേദനയായി മാറിയിട്ട്‌ നാളുകളേറെയായി.

ദേവസ്വം വകുപ്പ്‌ മന്ത്രി സുധാകരനില്‍ നിന്നും എടുത്തുമാറ്റാനുള്ള സിപിഎം. സെക്രട്ടേറിയറ്റ്‌ തീരുമാനത്തിന്റെ പിന്നില്‍ തോമസ്‌ ഐസക്കാണെന്ന് വിശ്വസിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെയുണ്ട്‌.

അഴിമതിക്കാരായ വാണിജ്യനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മന്ത്രി തോമസ്‌ ഐസക്കിന്റെ കീഴിലുള്ള വാണിജ്യനികുതി വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നാണ്‌ ജയരാജന്‍ തൃശൂരില്‍ നല്‌കിയ മുന്നറിയിപ്പ്‌.

വാണിജ്യനികുതി വകുപ്പിന്റെ തൃശൂര്‍ ഓഫീസ്‌ അഴിമതിക്കാരുടെ താവളമാണെന്നും കൈക്കൂലി കേസ്സില്‍ അറസ്റ്റുചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ അവിടെ ഇപ്പോഴും തുടരുന്നതെങ്ങനെയെന്നും ജയരാജന്‍ ചോദിക്കുമ്പോള്‍ ലക്ഷ്യം തോമസ്‌ ഐസക്കുതന്നെയാണെന്നത്‌. അല്ലെങ്കില്‍ മന്ത്രിമാരുടെ വകുപ്പിനെതിരെ പരസ്യമായി നേതാക്കള്‍ വിമര്‍ശനം നടത്തുന്ന രീതി സിപിഎമ്മിലില്ല.

ഇ.പി ജയരാജനും മന്ത്രി ജി. സുധാകരനും പുറമേ കണ്ണൂരില്‍ നിന്നുള്ള ചില നേതാക്കളും ഐസക്കിനോട്‌ അനിഷ്ടമുള്ളവരാണ്‌. പാര്‍ട്ടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി സമിതിയുടെ ചുമതല വഹിക്കുന്ന ജയരാജന്‍, അവരുടെ ആവശ്യത്തെ പിന്തുണച്ചു സംസാരിച്ചു എന്നതിനപ്പുറം തൃശൂര്‍ പ്രസംഗത്തില്‍ ഒന്നുമില്ലെന്നാണ് ഔദ്യോഗിക ചേരിയുടെ വിശദീകരണം.

പക്ഷേ ധനവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുവെ കാര്യമായ വിമര്‍ശനങ്ങളൊന്നും ഉയരാത്ത വേളയിലാണു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന്‍ അതിനു തുനിഞ്ഞത് എന്നതു ശ്രദ്ധേയമാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയവരില്‍ മന്ത്രി തോമസ് ഐസക് ഉണ്ടായിരുന്നില്ല. ഔദ്യോഗികചേരിയിലെ പ്രബലരായ എം.എ. ബേബിയും പാലോളി മുഹമ്മദ്കുട്ടിയും ഉണ്ടായിരുന്നുതാനും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X