ഗുണ്ടകളെ രക്ഷിച്ചത് 'ആഭ്യന്തര മന്ത്രിയുടെ ഓഫീസ്'
കോഴിക്കോട്: പോള്‍ മുത്തൂറ്റ് വധക്കേസില്‍ ആഭ്യന്തര മന്ത്രിക്കെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചു നടത്തിയ സല്‍ക്കാരത്തില്‍ പോള്‍ വധക്കേസുമായി പൊലീസ് അന്വേഷിക്കുന്ന ഗുണ്ടാത്തലവന്മാരായ രാജേഷും ഓംപ്രകാശും പങ്കെടുത്തിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് കെഎം ഷാജി ആവശ്യപ്പെട്ടു.
കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ ഇടപെട്ടതായും ഷാജി ആരോപിച്ചു. മന്ത്രി മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ഒളിവിലായിരുന്ന ഗുണ്ടാത്തലവന്‍മാര്‍ തിരുവനന്തപുരത്ത് എത്തിയത്. പോളിന്റെ കൊലപാതകത്തിന് ശേഷം രാജേഷിനെയും ഓംപ്രകാശിനെയും അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് അള്ള് എന്ന് വിളിപ്പേരുള്ള ഡിവൈഎസ്‌പിയാണെന്നും ഷാജി പറഞ്ഞു.
മന്ത്രിയുടെ ഓഫിസിലുള്ള ഒരു ഉന്നതനാണ് ഡിവൈഎസ്‌പിയേയും ഒരു സിഐയേയും പ്രതികളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തമേല്‍പിച്ചത്. ബൈക്കിലിടിച്ചതിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നു പറഞ്ഞ് കൈ കഴുകുന്നത് പൊലീസിന് അപമാനമാണ്.
മറ്റൊരു ക്വട്ടേഷനുമായി എത്തിയ ഗുണ്ടാ സംഘം അവര്‍ വന്ന കാര്യം മാറ്റിവെച്ച് ഇടിച്ച വാഹനത്തിനു പുറകേ പോയി എന്നാണ് പൊലീസ് വിശദീകരിയ്‌ക്കുന്നത്. ഗുണ്ടകള്‍ ഇത്ര സാമൂഹിക പ്രതിബദ്ധതയുള്ളവരാണെന്ന് ജനങ്ങള്‍ ഇപ്പോഴാണ് അറിയുന്നതെന്നും ഷാജി പറഞ്ഞു.












Click it and Unblock the Notifications