പോള്‍ വധം: കത്തി കണ്ടെത്തി
ആലപ്പുഴ: പോള്‍ എം ജോര്‍ജിനെ വധിയ്‌ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. കേസിലെ മുഖ്യ പ്രതിയായ കാരി സതീഷിന്റെ വീട്ടില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. ആലപ്പുഴയില്‍ നിന്നു തെളിവെടുപ്പിനായി വീട്ടിലെത്തിച്ച സതീഷിന്റെ കിടപ്പുമുറിയില്‍ നിന്നാണ് എസ് ആകൃതിയിലുള്ള കത്തി പോലീസ് കണ്ടെടുത്തത്.
പോളിനെ കുത്തിയത് സതീഷാണെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇയാളെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കും. രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ചൊവ്വാഴ്‌ചയാണ ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി കാരി സതീഷിനെ വിട്ടുകിട്ടണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെടും. നേരത്തെ അറസ്റ്റിലായ 11 പേരടക്കം ചങ്ങനാശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ 20 പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.
അതിനിടെ കാരി സതീഷിന്റെ അറസ്‌റ്റ് പൊലീസ് നടത്തിയ നാടകമാണെന്ന് സതീഷിന്റെ ബന്ധുക്കള്‍ ആരോപിച്ചു. പായിപ്പാട് വീടിനു സമീപത്തുള്ള കുരിശടിയില്‍ വന്നു കീഴടങ്ങാമെന്ന് സതീഷ് പൊലീസിനോടു സമ്മതിക്കുകയായിരുന്നെന്ന് സതീഷിന്റെ അമ്മ വിലാസിനി പറഞ്ഞു.












Click it and Unblock the Notifications