ഓംപ്രകാശിന്റെ സുഹൃത്തായ ഗുണ്ട അറസ്റ്റില്‍
കൊച്ചി: പോള്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളി ഓംപ്രകാശിന്റെ സുഹൃത്തായ ഗുണ്ട എയര്‍പോര്‍ട്ട് ശ്യാമിനെ പൊലീസ് അറസ്റ്റുചെയ്‌തു.
കഴിഞ്ഞദിവസം കൊച്ചിയില്‍ കാമുകിയുമൊത്ത് സിനിമകണ്ടിറങ്ങുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാവുകൂടിയായ ശ്യാമിനെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികിയല്‍പ്പെട്ടശേഷം ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു.
അര്‍ദ്ധരാത്രിയില്‍ സിറ്റി പൊലീസിലെ ഷാഡോ ഫോഴ്‌സ് ആണ് ശ്യാമിനെ പിടികൂടിയത്. കാമുകിയോടൊപ്പം അടുത്തിടെ പുറത്തിറങ്ങിയ കന്തസ്വാമിയെന്ന തമിഴ്‌ച്ചിത്രം കണ്ടിറങ്ങിയതായിരുന്നു ശ്യാം. കൊലപാതകശ്രമം ഉള്‍പ്പെടെ ഒന്‍പതോളം കേസുകള്‍ ഇയാള്‍ക്കെതിരെ വലിയതുറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ വലിയതുറ ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്യാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് ശ്യാമിന്റെ ഭാര്യയെ കഴിഞ്ഞ ദിവസം വലിയതുറ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ മുങ്ങിയത്.
കഴിഞ്ഞയാഴ്‌ച വലിയതുറയില്‍ മന്ത്രി എസ് ശര്‍മ്മ പങ്കെടുത്ത ചടങ്ങില്‍ ശ്യാം ഉണ്ടായിരുന്നുവെന്നാണ് സൂചന. ശനിയാഴ്‌ച രാത്രി ശ്യാമിനെ വലിയുതറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ടോട്ടല്‍ ഫോര്‍ യു കേസിലെ മുഖ്യപ്രതി ശബരീനാഥിനെ തട്ടിക്കൊണ്ടുപോയതോടെയാണ് ശ്യാം കുപ്രസിദ്ധി നേടിയത്.
ഓംപ്രകാശുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശ്യാമെന്ന് പൊലീസ് പറഞ്ഞു. ഓംപ്രകാശിന്റെ പല ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലും ശ്യാമിന്റെ സഹായമുണ്ടായിരുന്നു. വലിയതുറ സ്റ്റേഷന്‍ ആക്രമത്തോടെയാണ് ഇയാളെ പൊലീസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
തിരുവനന്തപുരത്തെ ഹരിപ്പാട് സ്വദേശിനിയാണ് ശ്യാമിന്റെ കാമുകി. ഇവര്‍ വിവാഹിതയാണ്. ഇന്റര്‍വ്യൂവിന് പോവുകയാണെന്ന് നുണപറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും ശ്യാമിനൊപ്പം പുറത്തുവന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications