കന്നുകാലി ക്ലാസ്: തരൂരിനെതിരെ നടപടിയില്ല

വിവാദ പ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ശശി തരൂരിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു മറ്റു നേതാക്കള്‍ക്കും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.
എക്കണോമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ചതും അതിനൊപ്പം ഉപയോഗിച്ച വിശുദ്ധ പശുവെന്ന പ്രയോഗവുമാണ് തരൂരിനെ വിവാദത്തിലാക്കിയത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വളരെ ശക്തമായിട്ടായിരുന്നു തരൂരിനെതിരെ തിരിഞ്ഞത്. ഒടുവില്‍ പരാമര്‍ശത്തില്‍ തരൂര്‍ മാപ്പു പറയുകയും ചെയ്‌തു.
എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇത് തരൂരിന്റെ ഒരു തമാശമാത്രമാണെന്നാണ് അഭിപ്രായപ്പെട്ടത്. ലൈബീരിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു തരൂരിന്റെ വിവാദ ട്വീറ്റും പിന്നീട് മാപ്പു പറച്ചിലുമെല്ലാമുണ്ടായത്.
തരൂരിനെതിരെ വേണ്ട സമയത്ത് നടപടിയെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞത്. ലൈബീരിയന്‍ സന്ദര്‍ശം കഴിഞ്ഞെത്തിയ തരൂര്‍ ചൊവ്വാഴ്‌ച രാവിലെ സോണിയയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ തരൂരിനെതിരായ വിവാദം അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിക്കുകയായിരുന്നവെന്നാണ് സൂചന. തൂരൂരിനെതിരെ മാത്രമല്ല അദ്ദേഹത്തെ അനുകൂലിച്ച് പ്രതികരിച്ച അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാര്‍ക്കെതിരെയും കോണ്‍ഗ്രസ് നടപടിയെടുക്കില്ല.
എഐസിസി വക്താവ് ജയന്ത് നടരാജന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളായിരുന്നു തരൂരിനെതിരെ പ്രധാനമായും രംഗത്തെത്തിയത്.
വിവാദത്തോടെ ശശി തരൂരിന് ട്വിറ്ററില്‍ അനുയായികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയായിരുന്നു. ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരനാണ് തരൂര്‍.












Click it and Unblock the Notifications