ആളുകള്‍ കൂട്ടത്തോടെ നീങ്ങിയത് അപകടത്തിനിടയാക്കി
തേനി: ഉല്ലാസയാത്രക്കെത്തിയവര്‍ വന്യമൃഗങ്ങളെക്കാണാന്‍ ബോട്ടിന്റെ ഒരു ഭാഗത്തേക്ക് പെട്ടെന്ന് നീങ്ങിയതാണ് ബോട്ട് മറിയാന്‍ കാരണമെന്ന് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ് വിക്‌ടര്‍.
യാത്രക്കാരോട് നീങ്ങരുതെന്ന് താന്‍ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായും എന്നാല്‍ ആളുകള്‍ ഇത് ശ്രദ്ധിച്ചില്ലെന്നും വിക്ടര്‍ പറഞ്ഞു. വിക്ടര്‍ ബോട്ട് ഓടിയ്‌ക്കാന്‍ തുടങ്ങിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ഫൈബര്‍ ബോട്ട് ഓടിയ്‌ക്കാന്‍ തനിയ്‌ക്ക് പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ലെന്നും ഭാരം കൂടിയായിരുന്ന ബോട്ടായിരുന്നെങ്കില്‍ അപകടസാധ്യത കുറയുമായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
അപകടത്തിന് ശേഷം തേനി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ വിക്‌ടറിനെ വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഐസിയുവില്‍ നിന്നും മാറ്റിയത്. അപകടത്തില്‍പ്പെട്ട് പരിക്കേറ്റിട്ടും പത്തോളം പേരെ രക്ഷിച്ചതിന് ശേഷമാണ് വിക്‌ടര്‍ ആശുപത്രിയിലെത്തിയത്. ബോട്ടിന് സാങ്കേതിക തകരാറൊന്നുമില്ലായിരുന്നുവെന്നും വിക്‌ടര്‍ അറിയിച്ചു.
എന്നാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ചിലര്‍ ഡ്രൈവറുടെ വാദം ശരിയല്ലെന്ന് പറഞ്ഞു. ബോട്ട് പെട്ടെന്ന് വല്ലാതെ വളച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും മൃഗങ്ങളെ ഒന്നും കണ്ടിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ബോട്ട് അമിതവേഗതയിലാണ് പലപ്പോഴും പോയിരുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications