പ്രതി മരിച്ച സംഭവം എഡിജിപി അന്വേഷിക്കും

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡിജിപി ജേക്കബ് പുന്നൂസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് പൂവച്ചല്‍ പാലേലി വടക്കുംകര പുത്തന്‍വീട്ടില്‍ ബാബു (58)വിനെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
2002-ലെ അടിപിടി കേസിലെ പ്രതിയായിരുന്ന ബാബുവിനെ മഫ്ടിയിലെത്തിയ പോലീസ് ഞായറാഴ്ച വൈകീട്ട് 5.30-ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതി കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് പോലീസ് സ്വകാര്യ ആസ്പത്രിയിലും അവിടെനിന്നും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി എസ്.ഐ. സുനില്‍ പറഞ്ഞു.
എന്നാല്‍, പോലീസ് മര്‍ദനമേറ്റാണ് ബാബു മരിച്ചതെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് ഭാര്യ ചെല്ലമ്മയും നാട്ടുകാരും ചേര്‍ന്ന് രാത്രി എട്ടോടെ സ്റ്റേഷന് മുന്നില്‍ ഉപരോധസമരം നടത്തി. സമരത്തിന് പിന്തുണയുമായി ബിജെപി, യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ രംഗം പ്രക്ഷുബ്ധമായി.
ഇതിനെത്തുടര്‍ന്നാണ് കോടിയേരി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡിജിപിയ്ക്ക് ഉത്തരവ് നല്‍കിയത്.












Click it and Unblock the Notifications