നസീര്‍ തന്നെ വലയിലാക്കിയതാണെന്ന് ഷമ്മി

തടിയന്റവിട നസീര്‍ തന്ത്രപരമായി തന്നെ വലയിലാക്കിയാണ് ഇതെല്ലാം ചെയ്യിച്ചതെന്ന് ഷമ്മി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കമ്മീഷണര്‍ ഓഫീസിലും മാധ്യമസ്ഥാപനങ്ങളിലും സ്‌ഫോടനവിവരം വിളിച്ചറിയിച്ചത് നസീറിന്റെ നിര്‍ദ്ദേശപ്രകാരം താനായിരുന്നെന്നും ഷമ്മി മൊഴിനല്‍കി.
നസീറിന്റെ ഗുരുനാഥനായ സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയും കശ്മീരില്‍ കൊല്ലപ്പെട്ട അബ്ദുള്‍റഹീമും ഉള്‍പ്പെടെ പലര്‍ക്കും കോഴിക്കോട് സ്‌ഫോടനത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കുണ്ട്
തടിയന്റവിട നസീര്‍ എന്ന ഉമ്മര്‍ ഹാജി സംഘടിപ്പിച്ച ത്വരീഖത്ത് ക്ലാസുകള്‍ മുഖേനയാണ് ഇതില്‍ പലരെയും പരിചയപ്പെട്ടത്. ഉമ്മര്‍ഹാജിക്ക് എന്നോടും കുടുംബത്തോടും വളരെയധികം സ്‌നേഹവും അടുപ്പവും ഉണ്ടായിരുന്നു. ഒട്ടേറെത്തവണ പരപ്പനങ്ങാടിയിലെ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.
കോഴിക്കോട്ടെ കമ്മീഷണര്‍ ഓഫീസിലെയും കളക്ടറേറ്റിലെയും ഫോണ്‍നമ്പറുകള്‍ വേണമെന്ന് സ്‌ഫോടനം നടത്തുന്നതിന് ഏതാനും ദിവസം മുമ്പ് ഉമ്മര്‍ഹാജി ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. അവ ശേഖരിച്ചുവയ്ക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
സ്‌ഫോടനം നടന്ന ദിവസം ഉമ്മര്‍ഹാജി രാവിലെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കോഴിക്കോട്ടെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ പരിശീലനത്തിനെത്തിയ ഞാന്‍ ഉമ്മര്‍ഹാജി ഉണ്ടായിരുന്ന സ്ഥലത്തേക്കു പോയി. മാവൂര്‍ റോഡ് മര്‍ക്കസ് പള്ളിയില്‍വെച്ചാണ് ഉമ്മര്‍ഹാജിയെ കണ്ടത്. ആ സമയം ഹാജിയോടൊപ്പം നാലുപേര്‍ ഉണ്ടായിരുന്നു.
ഇതേ സമയം മാവൂര്‍ റോഡിലെ മറ്റൊരു പള്ളിയിലും വേറെ നാലംഗസംഘം ഉണ്ടായിരുന്നതായി പിന്നീടറിഞ്ഞു. ഒരു സംഘം മൊഫ്യൂസല്‍ സ്റ്റാന്‍ഡും മറ്റൊരു സംഘം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുമായിരുന്ന ലക്ഷ്യംവച്ചിരുന്നത്. തണ്ണീമത്തന്റെ വലിപ്പമുള്ള ഒരു വസ്തു കവറിലാക്കി ഉമ്മര്‍ഹാജി ഒപ്പം കരുതിയിരുന്നു.
വെള്ളിയാഴ്ച ജുമ നമസ്‌കാരത്തിനു മുമ്പ് പള്ളിയില്‍ ഒത്തുകൂടിയ ശേഷം ഈ കവറുമെടുത്താണ് ഉമ്മര്‍ഹാജി ബസ് സ്റ്റാന്‍ഡിലേക്കു പോയത്. ഞാനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ ടെലിഫോണ്‍ ഡയറക്ടറിയില്‍നിന്ന് ഫോണ്‍നമ്പര്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കവര്‍ എവിടെയോ കൊണ്ടുവെച്ചത്. അതില്‍ ബോംബായിരുന്നുവെന്നറിയില്ലായിരുന്നു. അതിനു ശേഷം കമ്മീഷണര്‍ ഓഫീസിലേക്കും കളക്ടറേറ്റിലേക്കും ഫോണില്‍ ഭീഷണി മുഴക്കിയതു ഞാനാണ്- ഇങ്ങനെയാണ് ഷമ്മി ഫിറോസിന്റെ മൊഴി.
സംഭവസമയത്ത് ഉമ്മര്‍ഹാജിയെന്ന തടിയന്റവിട നസീറിനൊപ്പം ഉണ്ടായിരുന്നുവെന്നു ഷമ്മി വെളിപ്പെടുത്തിയ പലരും നിലവില്‍ പ്രതിപ്പട്ടികയില്‍ ഇല്ലാത്തവരാണ്. എന്നാല്‍ ഇവര്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.












Click it and Unblock the Notifications