പരുക്കേറ്റ യുവതിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം
കോട്ടയം: അപകടത്തില്‍ പരുക്കേറ്റ യുവതിയെ കാറില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമം.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ലൂര്‍ദ് പള്ളിക്കു സമീപം കാറിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശിനിയായ മുപ്പത്തിയേഴുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ഒപ്പം പോയവരാണു പീഡനശ്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു.
ഇടിച്ചിട്ട കാറിലെ ഡ്രൈവറും കൂട്ടാളിയും വഴിയില്‍നിന്നു കയറിയ ഒരാളും ചേര്‍ന്നാണു യുവതിയെ ആശുപത്രിയിലെത്തിച്ചത്. കാറിടിച്ച് യുവതിയുടെ തലയ്ക്കും പുറത്തും സാരമായി പരുക്കേറ്റിരുന്നു.
പിന്നിലെ സീറ്റില്‍ യുവതിക്കൊപ്പം കയറിയ രണ്ടുപേരും ആശുപത്രിയിലെത്തുംവരെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്രേ. വേദന കൊണ്ടു നിലവിളിച്ച് ഇവരോട് അരുതെന്നു യാചിച്ചെങ്കിലും പീഡനശ്രമം തുടര്‍ന്നെന്നാണു യുവതി പൊലീസിനു നല്‍കിയ മൊഴി.
സംഭവത്തില്‍ പരാതിയില്ലെന്നു പറഞ്ഞു ആദ്യം പൊലീസ് കേസ് ഒഴിവാക്കുകയായിരുന്നുവെന്നും സംഭവം പുറത്തറിഞ്ഞതോടെയാണ് നടപടിയെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോള്‍, കാറിലുണ്ടായ സംഭവം യുവതി അവരെ ധരിപ്പിച്ചിരുന്നു. ഇവരെ വിട്ടയയ്ക്കരുതെന്നും ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചു. അപ്പോള്‍ തന്നെ പൊലീസ് അവിടെയുണ്ടായിരുന്ന മൂന്നു യുവാക്കളെ പിടികൂടി.
പിന്നീടു യുവതിയുടെ മൊഴിയെടുത്തെങ്കിലും സംഭവം ഗൗരവമായി കാണാതെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വെള്ളിയാഴ്ച കോട്ടയം ഡിവൈഎസ്പി പി. ബിജോയ് യുവതിയെ വീട്ടിലെത്തി കണ്ടു മൊഴിയെടുത്ത ശേഷം രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നാമനു വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും ഉടന്‍ പിടികൂടുമെന്നും ഡിവൈഎസ്പി അറിയിച്ചു.












Click it and Unblock the Notifications