6 ഏക്കര്‍ ഭൂമിയ്ക്ക് നാലായിരം കോടി രൂപ!!
മുംബൈ: മുംബൈ നഗരത്തില്‍ വദ്‌ലയിലുള്ള ഭൂമി റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു. ആറ് ഏക്കര്‍ ഭൂമി 4053കോടി രൂപയ്ക്കാണ് വി്റ്റുപോയത്. ഇന്ത്യയില്‍ ഭൂമി വില്‍പനയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്.
ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ലേലത്തിലൂടെ ലോധ ഗ്രൂപ്പ് സ്വന്തമാക്കിയത്. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ഭൂമിയുടെയും താമസസ്ഥലത്തിന്റെയും ലഭ്യത കുറയുന്നത് മുംബൈ നഗരം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ നഗരത്തില്‍ വന്‍വിലയ്ക്കാണ് ഭൂമി വില്‍പന നടക്കുന്നത്.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് മുംബൈയില്‍ പാര്‍ക്കുകളും അതുപോലെ ഒഴിഞ്ഞ സ്ഥലങ്ങളും കുറവാണ്. 2008ല്‍ ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിപിടിപി എന്ന കമ്പനി നോയ്ഡയില്‍ 95 ഏക്കര്‍ ഭൂമിക്ക്് 5000 കോടി രൂപയ്ക്ക് കരാറാക്കിയത് വന്‍ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഈ വില്‍പന പിന്നീട് നടക്കാതെപോയി. രണ്ടുവര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ മുംബൈ നഗരത്തില്‍ വെറും 6 ഏക്കറിനാണ് നാലായിരം കോടിയിലേറെ രൂപ ലഭിച്ചിരിക്കുന്നത്. 2009ല്‍ ഗുഡ്ഗാവില്‍ 350.7 ഏക്കര്‍ ഭൂമിയ്ക്ക് 1750 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.
ഇതാണ് രാജ്യത്ത് റെക്കോര്‍ഡ് വിലയായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മുംബൈയിലെ സര്‍ക്കാര്‍ സ്ഥലത്തിന്റെ ലേലം തുടങ്ങിയപ്പോള്‍ ഈ റെക്കോര്‍ഡ് മൂന്നുതവണ മറികടന്നു, ലേലത്തിനെത്തിയ മറ്റ് മൂന്നു കമ്പനികള്‍ക്കെതിരെ ലോധാ ഗ്രൂപ്പ് തന്നെയാണ് മൂന്നുതവണയും തുക കൂട്ടി വിളിച്ചത്.
മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡവലപ്‌മെന്റ് അതോറിറ്റി ഈ ഭൂമിയുടെ മിനിമം തുകയായി പറഞ്ഞത് സ്‌ക്വയര്‍ മീറ്ററിന് 40,000 വച്ചായിരുന്നു. എന്നാല്‍ ലേലത്തില്‍ സ്ഥലം സ്വന്തമാക്കാന്‍ ലോധ ഗ്രൂപ്പ് തീരുമാനിച്ചതോടെ തുക അടിയ്ക്കടി വര്‍ധിച്ചു.












Click it and Unblock the Notifications