തുരന്തോയില്‍ വില്ലനായത് പഴകിയ ബ്രഡ്
കോഴിക്കോട്: തുരന്തോ എക്‌സ്പ്രസിലെ 19 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതു പഴകിയ ബ്രഡില്‍നിന്നാണെന്ന് ഭക്ഷ്യ മാതൃകകളുടെ പരിശോധനയില്‍നിന്നു വ്യക്തമായി.
തീവണ്ടിയില്‍ പ്രഭാതഭക്ഷണമായി വിതരണം ചെയ്ത സാന്‍ഡ്‌വിച്ച് കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യാത്രക്കാരിലൊരാളുടെ ഭക്ഷ്യാവശിഷ്ടത്തിന്റെയും തീവണ്ടിയില്‍ വിതരണം ചെയ്യാതെ ബാക്കിയായ ഭക്ഷണത്തിന്റെയും സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പ്രഭാതഭക്ഷണമായി വിതരണം ചെയ്ത സാന്‍ഡ്‌വിച്ചിലെ പഴകിയ ബ്രഡാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായതെന്ന ലബോറട്ടറി പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ തീവണ്ടിയില്‍ ഈ ഭക്ഷണം വിതരണം ചെയ്ത ഏജന്‍സിക്കെതിരെ കര്‍ശന നടപടിക്കു ശുപാര്‍ശ ചെയ്ത് ഉന്നതങ്ങളിലേക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.
ലാബ് പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ റയില്‍വേ ഡിഎംഒ തയാറാക്കിയ റിപ്പോര്‍ട്ട് പാലക്കാട് ഡിവിഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ടിനും ഭക്ഷ്യവിഷബാധ അന്വേഷിക്കുന്ന ദില്ലിയിലെ പ്രത്യേക സംഘത്തിനുമാണ് അയച്ചത്.
റയില്‍വേയ്ക്കും യാത്രക്കാര്‍ക്കും ഏറെ പ്രയാസവും നഷ്ടവും വരുത്തിവച്ച സംഭവമായതിനാല്‍ ഭക്ഷണ വിതരണ ഏജന്‍സിക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ ഏജന്‍സിയില്‍നിന്ന് പിഴ ഈടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ 19 യാത്രക്കാര്‍ക്കും റയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മേയ് 17ന് ഉണ്ടായ ഭക്ഷ്യവിഷബാധ റയില്‍വേ അതീവഗൌരവത്തോടെ കാണുന്ന സാഹചര്യത്തില്‍ ഏജന്‍സി റദ്ദാക്കാനാണ് സാധ്യതയെന്ന് ഉന്നത റയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications