കാരണവര്‍ വധം: 4 പ്രതികളും കുറ്റക്കാര്‍

ഷെറിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരുന്ന കൊലക്കുറ്റം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും വിധിയിലുണ്ട്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2009 നവംബര്‍ 7നാണ് കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ (65) കൊല്ലപ്പെട്ടത്. മരുമകളായ ഷെറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. പിന്നീട് മറ്റു മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണവും വിചാരണയും ഉള്‍പ്പെടെ ഏഴ് മാസം കൊണ്ടാണ് കോടതി വിധിപറഞ്ഞത്.
കുറിച്ചി സചിവോത്തമപുരം കാലായില്‍ ബിബീഷ് ബാബു എന്ന ബാസിത് അലി (25) കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിന്‍ നിലയത്തില്‍ നിധിന്‍ (ഉണ്ണി28) കൊച്ചി ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് (24) രണ്ടും മൂന്നും നാലും പ്രതികള്‍.
അമേരിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതിക്കുവേണ്ടി മറ്റു പ്രതികള്‍ ചേര്‍ന്ന് കൃത്യം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം റജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതാണ് കൊലപാതകത്തിന് പ്രേരകമായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.












Click it and Unblock the Notifications