അഭിമാനക്കൊല ഭയന്ന് ദമ്പതികള്‍ കോടതിയില്‍
ദില്ലി: ജാതിയ്ക്കുപുറത്തുനിന്നും വിവാഹം ചെയ്യുകയും പ്രണയിക്കുകയും ചെയ്യുന്ന യുവതീ യുവാക്കളെ മാനം കാക്കാന്‍ കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുന്നതിനിടെ ജീവനില്‍ കൊതിച്ച് ദമ്പതികള്‍ കോടതിയില്‍ അഭയം തേടി.
ബന്ധുക്കളുടെ താത്പര്യപ്രകാരമല്ലാതെ വിവാഹം കഴിച്ച ദമ്പതിമാരാണ് മാനം കാക്കല്‍ കൊല' പേടിച്ച് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അലിഗഢ് സ്വദേശികളായ അഞ്ജു ചൗഹാന്‍, ഗുന്‍ജന്‍ എന്നിവരാണ് സഹായമഭ്യര്‍ഥിച്ച് കോടതിയിലെത്തിയത്.
ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ജസ്റ്റിസ് എസ്.എന്‍ ധിംഗ്ര ദില്ലി പോലീസിനോട് ഉത്തരവിട്ടു. എല്ലാ ദിവസവും ദമ്പതിമാരുടെ വീട്ടില്‍ കാവല്‍നില്‍ക്കാന്‍ പോലീസ് കോണ്‍സ്റ്റബിളിനെ നിയോഗിക്കാനും കോടതി ആവശ്യപ്പെട്ടു.
അഞ്ജുവും ഗുന്‍ജനും ന്യൂഅശോക്‌നഗറിലെ ക്ഷേത്രത്തില്‍വെച്ച് മെയ് മൂന്നിനാണ് വിവാഹിതരായത്. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണി വന്നപ്പോഴാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും പോലീസിനോടും സഹായമഭ്യര്‍ഥിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഗുന്‍ജന്റെ മാതാപിതാക്കള്‍ക്കും യു.പി. ഡിജിപിക്കും അലിഗഢ് സീനിയര്‍ എസ്.പിക്കും ഇതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി നോട്ടീസയച്ചിട്ടുണ്ട്.












Click it and Unblock the Notifications