അമ്മയുടെ സ്വത്ത് നായകള്‍ക്ക്; മകന്‍ കോടതിയില്‍
മിയാമി: വില്‍പ്പത്രത്തില്‍ തനിയ്ക്കുള്ളതിലേറെ സ്വത്തുക്കള്‍ വളര്‍ത്തുനായയ്ക്ക് എഴുതിവച്ച അമ്മയ്‌ക്കെതിരെ മകന്‍ കോടതിയില്‍.
ചലച്ചിത്രസംവിധായകന്‍ കൂടിയായ ബ്രെറ്റ്കാര്‍ എന്ന 37കാരനാണ് അമ്മയുടെ വില്‍പ്പത്രം കണ്ട് ഞെട്ടിയത്. മാര്‍ച്ചിലാണ് ഇദ്ദേഹത്തിന്റെ അമ്മ ഗെയ്ല്‍ പോസ്‌നര്‍(67) മരിച്ചത്.
മരിക്കുമ്പോള്‍ മൂന്നരക്കോടി ഡോളറിന്റെ സ്വത്തിന് ഉടമയായിരുന്നു അവര്‍. എന്നാല്‍ ഇതില്‍ പത്തുലക്ഷം ഡോളര്‍ മാത്രമാണ് മകന്റെ പേരില്‍ എഴുതിയിരിക്കുന്നത്. ബാക്കിയെല്ലാം മൂന്ന് വളര്‍ത്തുനായകളുടെ പേരിലാണ് പോസ്‌നര്‍ എഴുതിയിരുന്നത്.
മിയാമി ബീച്ചിലെ തന്റെ ബംഗ്ലാവും 35 ലക്ഷം ഡോളറിന്റെ ട്രസ്റ്റ്ഫണ്ടുമാണ് കൊഞ്ചിത, ഏപ്രില്‍മരിയ, ലൂസിയ എന്നീ നായ്ക്കളുടെ പേരില്‍ പോസ്‌നര്‍ എഴുതിവച്ചത്.
ഏതായാലും ബ്രെറ്റ് ഇതിനെതിരെ മിയാമിയിലെ കോടതിയെ സമീപിച്ചിരിക്കുകയാണ്. മുഴുവന്‍ സ്വത്തും തന്റെ പേരിലായിരിക്കാം അമ്മ എഴുതിവച്ചതെന്നും എന്നാല്‍ വീട്ടുവേലക്കാരുടെ തന്ത്രങ്ങളില്‍ അമ്മ പെടുകയായിരുന്നുവെന്നും ബ്രെറ്റ് തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, മൂന്നു നായ്ക്കളെ പരിപാലിക്കുന്നതിനു പ്രത്യുപകാരമായി തനിക്ക് 50 ലക്ഷം ഡോളര്‍ നല്‍കാമെന്ന് പോസ്‌നര്‍ വാക്കു തന്നിട്ടുണ്ടെന്ന് വേലക്കാരിയായ എലിസബത്ത്് ബെക്ക്‌ഫോര്‍ഡ് അറിയിച്ചു.
വളര്‍ത്തുനായ്ക്കളില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട കൊഞ്ചിതയ്ക്കുവേണ്ടി മയാമിയിലെ ബംഗ്ലാവില്‍ പ്രത്യേക ആഢംബര മുറിതന്നെ പോസ്‌നര്‍ ഒരുക്കിയിട്ടുണ്ട്. കൊഞ്ചിതയ്ക്കായി പ്രത്യേക കാറും പരിചാരകരുമുണ്ട്.












Click it and Unblock the Notifications