പെട്രോള്‍, ഡീസല്‍ വില കൂട്ടല്‍ പരിഗണനയില്‍

പെട്രോള്‍വില 3.73 രൂപയും ഡീസലിന് 3.80 രൂപയും കൂട്ടാനാണ് പുതിയ നിര്‍ദ്ദേശം. ഇന്ധന വില കൂട്ടണോയെന്ന് പരിശോധിയ്ക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായുള്ള മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച യോഗം ചേരും. സാധാരണ ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്ന റെയില്‍വേമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
മന്ത്രിസഭാ ഉപസമിതിയില്‍ ഏകാഭിപ്രായം ഉണ്ടായില്ലെങ്കില്‍ ഡീസലിന് രണ്ടുരൂപ കൂട്ടാനുള്ള തീരുമാനമാവും വെള്ളിയാഴ്ച ഉണ്ടാവുക.
ലോക്‍സഭയില്‍ പ്രതിഷേധം ശക്തമാവും എന്നതുകൊണ്ട് വില വര്‍ധന പെട്രോളില്‍ മാത്രം ഒതുക്കാന്‍ ഒരുപക്ഷേ മന്ത്രിസഭാ ഉപസമിതി തയ്യാറായേയ്ക്കും.
കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ മമതാ ബാനര്‍ജിയും കൃഷിമന്ത്രി ശരദ് പവാറും പങ്കെടുക്കാത്തതിനാല്‍ തീരുമാനം നീട്ടുകയായിരുന്നു. ഇന്ധന വില കൂട്ടുന്നതിനോട് യോജിപ്പില്ലെന്ന് കാണിച്ച് മമത ആ മന്ത്രിസഭായോഗത്തിന്റെ തലേന്ന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
എണ്ണ കമ്പനികള്‍ ഈ വര്‍ഷം 2440 കോടി ഡോളര്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് കണക്ക്. ക്രൂഡ് ഓയലിന് 85 ഡോളര്‍ വില ആണെങ്കില്‍ ഉള്ള കണക്കാണിത്. ഇത് കൂടുകയാണെങ്കില്‍ കമ്പനികളുടെ നഷ്ടവും കൂടും.
ഇന്ധന വില കൂട്ടിയാല്‍ ധനകമ്മി കുറയുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ ഇത് വിലക്കയറ്റത്തിനും ഉയര്‍ന്ന നാണയ പെരുപ്പത്തിനും കാരണമായേയ്ക്കും. വിലക്കയറ്റം രൂക്ഷമാക്കുമെന്നതിനാല്‍ ഡീസലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണ വില സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം അംഗീകരിക്കരുതെന്ന അഭിപ്രായവും ഉയര്‍ന്ന് വന്നിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കിരിത് പരീഖ് സമിതിയുടെ ശിപാര്‍ശകളാണ് ഉപസമിതിക്ക് മുമ്പാകെയുള്ളത്. പരീഖ് സമിതിയാണ് ഇന്ധന വിലനിയന്ത്രണം എടുത്തുകളയണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.


Click it and Unblock the Notifications