റിലയന്‍സ് പവര്‍-ആര്‍എന്‍ആര്‍എല്‍ ലയനം ഉടന്‍
മുംബൈ: അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസിനെ (ആര്‍എന്‍ആര്‍എല്‍) ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ റിലയന്‍സ് പവറില്‍ അധികൃതര്‍ ലയിപ്പിയ്ക്കാന്‍ തീരുമാനിച്ചു.
ഈ ലയനം നടക്കുന്നതോടെ ഉടമകള്ക്ക് നാല് ആര്‍എന്‍ആര്‍എല്‍ ഓഹരികള്‍ക്ക് ഒരു റിലയന്‍സ് പവര്‍ ഓഹരി ലഭിയ്ക്കും. ഇത് ഓഹരി ഉടമകള്‍ക്ക് അനുകൂലമായ തീരുമാനമായല്ല വിപണി വൃത്തങ്ങള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഈ കണക്ക് വന്നതിന് ശേഷം 2010 ജൂലൈ അഞ്ചിന് നടന്ന വിപണിയില്‍ ആര്‍എന്‍ആര്‍എല്‍ ഓഹരിയുടെ വില 27 ശതമാനമാണ് കുറഞ്ഞത്. മുന്‍ വിപണി ദിനത്തില്‍ 63.95 രൂപ ഉണ്ടായിരുന്ന ഓഹരി ജൂലൈ അഞ്ചാം തീയതി 46.30 രൂപയിലേയ്ക്ക് കൂപ്പ് കുത്തി.
ആര്‍ എന്‍ ആര്‍ എ്ല്ലിന്റെ ലയനം 90 ദിവസത്തിനകം നടക്കുമെന്ന് റിലയന്‍സ് പവര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെ.പി. പലസാനി വ്യക്തമാക്കി. 2010 ജൂലൈ നാല് ഞായറാഴ്ച ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ ലയന പദ്ധതി അംഗീകരിച്ചിരുന്നു.
രണ്ടു കമ്പനികളുടെയും ഓഹരിയുടമകള്‍ക്ക് ഗുണകരമാവുമെന്ന് പലസാനി പറഞ്ഞു. റിലയന്‍സ് പവറിന്റെ വളര്‍ച്ചയുടെ നേട്ടം ആര്‍എന്‍ആര്‍എല്‍ ഓഹരിയുടമകളും അനുഭവിക്കാന്‍ പോവുകയാണ്. ലയനത്തോടെ റിലയന്‍സ് പവറിന് വാതകലഭ്യത ഉറപ്പാവും. 2000 മെഗാവാട്ട് ശേഷി കൂടുതല്‍ കൈവരിക്കാനുമാവും.
26 ലക്ഷം ഓഹരിയുടമകളുള്ള റിലയന്‍സ് പവര്‍ ലയനത്തോടെ 60 ലക്ഷം ഓഹരിയുടമകളുള്ള കമ്പനിയായി മാറുകയാണ്.
കൊച്ചിയിലെ പാതാളത്തും റിലയന്‍സ് പവറിന് വൈദ്യുത പദ്ധതി ഉണ്ട്. 165 മെഗാവാട്ടാണ് ഈ പദ്ധതി.
മൊത്തം 35,000 മെഗാവാട്ട് ശേഷിയുള്ള ഊര്‍ജ പദ്ധതികളാണ് റിലയന്‍സ് പവര്‍ വികസിപ്പിച്ചുവരുന്നത്. ചിലത് പ്രവര്‍ത്തനം തുടങ്ങി; മറ്റുചിലത് നിര്‍മാണത്തിലാണ്. ഇന്ത്യയില്‍ 200 കോടി ടണ്‍ കല്‍ക്കരി ശ്രോതസ്സുള്ള കമ്പനിക്ക് ഇന്‍ഡൊനീഷ്യയിലെ കല്‍ക്കരി ഖനികളിലും നിക്ഷേപം ഉണ്ട്. ഇത് കമ്പനിയുടെ വളര്‍ച്ച ഉറപ്പാക്കുന്നുണ്ട്.
8,000 മെഗാവാട്ട് വാതകാധിഷ്ഠിത പ്ളാന്റ് ഉടന്‍ യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസിന്റെ കപ്പല്‍ ബിസിനസ്സും പവര്‍ കമ്പനിയ്ക്ക് ഉപയോഗപ്രദമാവും. കൃഷ്ണപട്ടണം അള്‍ട്രാ മെഗാപവര്‍ പ്രോജക്ടിനു വേണ്ടി ഒന്നരക്കോടി ടണ്‍ കല്‍ക്കരി ഇന്‍ഡൊനീഷ്യയില്‍ നിന്ന് വര്‍ഷം തോറും കൊണ്ടുവരേണ്ടതുണ്ട്. ഈ ഇനത്തില്‍ പണം ലാഭിയ്ക്കാന്‍ കമ്പനിയ്ക്ക് കഴിയും.












Click it and Unblock the Notifications