മദനിയ്ക്കെതിരായ അറസ്ററ് വാറണ്ട് ചൊവ്വാഴ്ച തീരുന്നു

2010 ജൂണ്‍ 23ന് മുന്‍പായി മദനിയെ അറസ്റ്റ്‌ചെയ്ത് ഹാജരാക്കാനാണ് ബാംഗ്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് വെങ്കിടേഷ് ഗുരുജി നേരത്തേ ഉത്തരവിട്ടിരുന്നത്. പൊലീസിന് ഇതിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് വാറണ്ടിന്റെ കാലാവധി ജൂലായ് ആറ് വരെ നീട്ടിയത്. എന്നിട്ടും കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ വാറണ്ടിന്റെ കാലാവധി വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ബാംഗ്ലൂര്‍ പോലീസ് കോടതിയെ സമീപിക്കുന്നുണ്ട്. കേസില്‍ മഅദനി 31ാമത്തെ പ്രതിയാണ്.
ഇതിന് പുറമേ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അഞ്ചാം സെഷന്‍സ് അതിവേഗ കോടതി ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കാനായി പരിഗണിയ്ക്കുന്നുണ്ട്. മദനിയുടെ യാത്രാരേഖകള്‍ സമര്‍പ്പിക്കാനായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജൂണ്‍ 29-ന് കേസ് പരിഗണിച്ച സെഷന്‍സ് ജഡ്ജി തുടര്‍വാദം ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ചൊവ്വാഴ്ച ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിനുമുമ്പാകെ ഹാജരാക്കുന്നുണ്ട്. വിയ്യൂര്‍ ജയിലില്‍ എന്‍.ഐ.എ.യുടെ കസ്റ്റഡിയിലായിരുന്ന ഇരുവരെയും കോടതിയുത്തരവിനെത്തുടര്‍ന്ന് കേരള പോലീസ് ജൂണ്‍ മൂന്നിന് ബാംഗ്ലൂരില്‍ എത്തിച്ചിരുന്നു. ഇവരിപ്പോള്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ്.












Click it and Unblock the Notifications